13 വർഷമായിട്ടും സഹദേവന്റെ പേരിൽ കോളുകളും മെസേജുകളും വരുന്നു; കലാഭവൻ ഷാജോൺ
Malayalam Cinema
13 വർഷമായിട്ടും സഹദേവന്റെ പേരിൽ കോളുകളും മെസേജുകളും വരുന്നു; കലാഭവൻ ഷാജോൺ
അജ്മല്‍ കെ
Monday, 17th August 2026, 1:58 pm

മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് കലാഭവൻ ഷാജോൺ. മൈ ഡിയർ കരടി, മൈ ബോസ്, താപ്പാന, രസികൻ, റൺവേ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ 2013ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന ചിത്രത്തിലെ സഹദേവൻ എന്ന പൊലീസ് കഥാപാത്രത്തിലൂടെയാണ് ഷാജോൺ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത് വലിയ അനുഗ്രഹമാണെന്ന് പറയുകയാണ് കലാഭവൻ ഷാജോൺ. എന്നാൽ സഹദേവൻ എന്ന കഥാപാത്രത്തിൽ മാത്രം ഒതുങ്ങാതെ അതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷാജോണിന്റെ പ്രതികരണം.

കലാഭവൻ ഷാജോൺ. Photo: Screengrab/ Youtube.com

2013ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ സിനിമയിലെ സഹദേവൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സിനിമ പുറത്തിറങ്ങി 13 വർഷങ്ങൾ പിന്നിട്ടിട്ടും സഹദേവന്റെ പേരിൽ ഇപ്പോഴും നിരവധി കോളുകളും മെസേജുകളും ലഭിക്കാറുണ്ട്. ഒരു കഥാപാത്രം ഇത്രയും വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നത് വലിയ കാര്യമാണെന്നും ഷാജോൺ പറഞ്ഞു.

‘ഒരു കഥാപാത്രത്തിന്റെ പേരിൽ നടൻ അറിയപ്പെടുക എന്നു പറഞ്ഞാൽ വലിയ അനുഗ്രഹമാണ്. അതേസമയം, അതിൽ നിന്ന് പുറത്തേക്ക് വരാൻ വേണ്ടി കൊതിക്കുക എന്നൊരു സാഹചര്യമുണ്ട്. അത്തരമൊരു സാഹചര്യത്തിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്. 2013ലാണ് ‘ദൃശ്യം’ ഇറങ്ങിയത്. അതു കഴിഞ്ഞ് 13 വർഷങ്ങൾക്ക് ശേഷവും എനിക്ക് ധാരാളം കോളുകളും മെസേജുകളും വരുന്നുണ്ട്,’ നടൻ പറഞ്ഞു.

സഹദേവനെക്കാൾ മികച്ചൊരു കഥാപാത്രം ലഭിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും ഷാജോൺ വ്യക്തമാക്കി.

‘സഹദേവനെക്കാൾ വലിയൊരു പെർഫോമൻസ് ചെയ്താൽ മാത്രമേ ഇനിയും ധാരാളം കോളുകൾ വരുകയുള്ളൂ. അത്തരമൊരു കഥാപാത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ. വില്ലൻ കഥാപാത്രങ്ങൾ ചെയ്തതിന്റെ പേരിൽ പ്രേക്ഷകർക്ക് തന്നോട് പേടി തോന്നിയിട്ടില്ലെന്നും, എന്നാൽ ദൃശ്യത്തിലെ സഹദേവനെ കണ്ടപ്പോൾ പലർക്കും ദേഷ്യം തോന്നിയിരുന്നെന്നും,’ ഷാജോൺ പറഞ്ഞു.

കലാഭവൻ ഷാജോൺ.Photo: Screengrab/ Youtube.com

മിമിക്രി ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്നതുകൊണ്ട് ആളുകൾക്ക് എന്നെ ഇഷ്ടമാണ് എന്നാണ് എന്റെ വിശ്വാസം. ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ട് ആളുകൾക്ക് എന്നെ പേടിയുള്ളതായി തോന്നിയിട്ടില്ല. പക്ഷേ, ദേഷ്യമുള്ളവരുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ പറയും, ‘ദൃശ്യത്തിൽ ആ കൊച്ചിനെ തല്ലുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു എന്ന്. പ്രേക്ഷകരിൽ ഒരു കഥാപാത്രം ഇത്രയും ശക്തമായ സ്വാധീനം ചെലുത്തുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണെങ്കിലും, അതിനേക്കാൾ മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയശേഷി തെളിയിക്കാനുള്ള അവസരത്തിനാണ് ഇപ്പോൾ കാത്തിരിക്കുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു.

Content Highlight: Kalabhavan Shajohn talks about the recognition he received for his character Sahadevan in the film Drishyam

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.