ബോളിവുഡ് താരം കജോള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന് പറഞ്ഞ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് താന്‍ നേരിടുന്നതെന്ന് (Facing one of the toughest trails of my life) എഴുതിയ ചിത്രമാണ് കജോള്‍ പോസ്റ്റ് ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുകയാണെന്നും താരം ഇതിനൊപ്പം കുറിച്ചിരുന്നു. പിന്നാലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഇതിനുമുമ്പ് പങ്കുവെച്ച പോസ്റ്റുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

എന്തു പറ്റിയെന്നും എല്ലാം ശരിയാകുമെന്നും താരത്തിന്റെ പോസ്റ്റിന് മറുപടിയായി ആരാധകര്‍ എത്തിയിരുന്നു. ഇതിനിടെ കജോളിന്റെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങള്‍ അന്വേഷിച്ചും, പങ്കാളി അജയ് ദേവ്ഗണുമായി വേര്‍പിരിയുകയാണോ എന്ന് ചോദിച്ചും ചിലര്‍ കമന്റില്‍ എത്തിയിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം വ്യക്തത വരുത്തിയിരിക്കുകയാണ് കജോള്‍. താരത്തിന്റെ പുതിയ സീരിസിന്റെ പ്രൊമോഷന്‍ മാത്രമായിരുന്നു നേരത്തെ കണ്ടിരുന്നത്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ അവതരിപ്പിക്കുന്ന ദി ട്രയല്‍ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് പോസ്റ്റ് പങ്കുവെച്ചത്. പഴയ പോസ്റ്റുകള്‍ ആര്‍ക്കൈവ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ എല്ലാ പോസ്റ്റുകളും കജോളിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.

ജൂണ്‍ 12-ന് സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങും. ഒരു കോര്‍ട്ട് റൂം ഡ്രാമയാണിത്. വിചാരണ കഠിനമാകുമ്പോള്‍ തിരിച്ചുവരുന്നത് കൂടുതല്‍ കഠിനമാകുമെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു.

ഈ പോസ്റ്റിനും രസകരമായ കമന്റുകള്‍ വരുന്നുണ്ട്. ഇനി കജോള്‍ സീരിയസായി പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നും ഇപ്പോഴത്തെ പ്രൊമോഷനുകള്‍ അലോസരപ്പെടുത്തുന്നു എന്നുമാണ് ഒരു കമന്റ്.