തിരുവനന്തപുരം: ചട്ടം ലംഘിച്ചാണ് കെ.എം. ഷാജി വാഹനത്തിൽ ബോർഡ് വെച്ചതെന്നും മന്ത്രിമാർക്ക് അനുവദിച്ച വാഹനങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാനാകൂ എന്നും സി.പി.ഐ.എം നേതാവ് പി. രാജീവ്.

മന്ത്രിമാർക്ക് അസൈൻ ചെയ്ത വണ്ടിയിൽ മാത്രമേ സ്റ്റേറ്റ് എന്ന ബോർഡ് ഉപയോഗിക്കാൻ കഴിയൂ എന്ന നിയമം വളരെ വ്യക്തമാണ്. ശബരിമലയിലെ പാർക്കിങ്ങിൽ വാഹനങ്ങൾ സ്റ്റേറ്റ് ബോർഡ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ടു വർഷം മുമ്പ് ഹൈക്കോടതി എടുത്ത ‘സുവോ മോട്ടോ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിന്റെ വിധി പരിശോധിച്ചാൽ ഇത് വ്യക്തമാകും എന്ന് അദ്ദേഹം പറഞ്ഞു.

ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ വണ്ടിയിൽ സ്റ്റേറ്റ് ബോർഡ് വെച്ചത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുകയും ആ വാഹനം കൊല്ലത്ത് വെച്ച് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിൽ ആര് സഞ്ചരിച്ചാലും സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ വേണമെന്നും ആ വിധിയിലെ മൂന്ന് പാരഗ്രാഫുകളിൽ കൃത്യമായി പറയുന്നുണ്ട്. അത്രയും വ്യക്തമായ നിയമസാഹചര്യം നിലനിൽക്കുമ്പോൾ ‘ഞാൻ ഇരിക്കുന്നിടമാണ് വാഹനം, ഞാൻ ഇരിക്കുന്നിടമാണ് എന്റെ ഓഫീസ്’ എന്ന് പറയുന്നത് പൂർണമായും അജ്ഞതയാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ നിയമം അറിയില്ല എന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ന്യായീകരണമല്ലെന്നും ഹൈക്കോടതി ജഡ്ജിമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ ആ വാഹനം അപ്പോൾത്തന്നെ പിടിച്ചെടുക്കുമായിരുന്നെന്നും പി.രാജീവ് പറഞ്ഞു.

ഇതിനുപുറമേ, ആഭ്യന്തര മന്ത്രി ഇപ്പോൾ ലോകായുക്തയുടെ യോഗം വിളിച്ചുചേർത്ത നടപടി അതീവ ഗൗരവമുള്ളതാണെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിർദ്ദേശപ്രകാരം പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും, തുടർന്ന് മുഖ്യമന്ത്രിയും സംസ്ഥാന ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന വാർഷിക യോഗങ്ങളുടെ തുടർച്ചയായുള്ള കീഴ്‌വഴക്കങ്ങളുണ്ട്. എന്നാൽ ലോകായുക്ത കേസുകൾ പരിഗണിക്കുന്ന സാഹചര്യത്തിൽ, ഗവൺമെന്റിനുവേണ്ടി ഹാജരാകേണ്ട അഭിഭാഷകരെക്കൂടി ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രി ഇത്തരം യോഗം വിളിച്ചത് അഴിമതിക്ക് സംരക്ഷണം നൽകാനുള്ള ശ്രമമാണ് എന്ന് അദ്ദേഹം വിമർശിച്ചു.

ലോകായുക്തയെ ഭരണഘടനാപരമാക്കാനുള്ള ഭേദഗതിക്ക് വേണ്ടി ശക്തമായി സംസാരിച്ച ആളാണ് ഇപ്പോൾ ലോകായുക്തയുടെ യോഗം വിളിച്ച് ഈ നിയമലംഘനം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഈ നടപടി അതീവ ഗൗരവമുള്ളതാണെന്നും ലോകായുക്ത ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടത്തുമെന്നാണ് കരുതുന്നതെന്നും പി രാജീവ് പറഞ്ഞു.

Content Highlight:K.M. Shaji Put Up Board on Vehicle in Violation of Rules; His Arguments Show Ignorance of the Law, Says P. Rajeev.