തിരുവനന്തപുരം: സി.എം.ആർ.എൽ -എക്സലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കെ.എം. ഷാജഹാൻ നൽകിയ ഹരജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ കളിയുടെ ഭാഗമാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ.
പിണറായി വിജയനെയും പി.എ. മുഹമ്മദ് റിയാസിനെയും കേസിൽ കുടുക്കാനുള്ള ഗൂഢാലോചന പല തലങ്ങളിലായി നടക്കുന്നുണ്ടെന്നും, ഇതിനെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയനും റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത് ഈ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ സി.പി.ഐ.എം വിരുദ്ധ, പിണറായി വിരുദ്ധ സിൻഡിക്കേറ്റിന്റെ അവിഭാജ്യ ഘടകമാണ് ഇപ്പോൾ കോടതിയെ സമീപിച്ച കെ.എം. ഷാജഹാൻ. നേരത്തെ ഇ.ഡി കൃത്രിമമായി ഉണ്ടാക്കിയെടുത്ത മൊഴികളുടെ തുടർച്ച മാത്രമാണിത്. അത്തരം മൊഴികൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും നൽകിയ സത്യവാങ്മൂലങ്ങൾ ഇതിനകം തന്നെ സമൂഹത്തിന് മുന്നിലുണ്ടെന്ന് ജയരാജൻ പറഞ്ഞു.
‘ഇപ്പോൾ ഹരജിയുമായിട്ട് ഹൈക്കോടതിയിൽ പോയിട്ടുള്ള ഷാജഹാൻ ലാവലിൻ കേസിൽ പിണറായിയെ വേട്ടയാടാൻ വേണ്ടി കേരളത്തിലെ മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയക്കാരുടെ ഗൂഡ പദ്ധതിയുടെ ഭാഗമായിട്ട് നിന്ന ആളാണെന്ന്’ പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിക്കും റിയാസിനുമെതിരെ ഇത്തരമൊരു നടപടിയിലേക്ക് കടക്കുമ്പോൾ സ്വാഭാവികമായും അവരുടെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ പ്രഥമദൃഷ്ട്യാ സ്വാഭാവിക നീതിയുടെ നഗ്നമായ നിഷേധമാണ് ഉണ്ടായിരിക്കുന്നത് എന്ന് ജയരാജൻ വിമർശിച്ചു.
സി.പി.ഐ.എം നേതാക്കളെയും ബി.ജെ.പി വിരുദ്ധ നിലപാടുള്ള പ്രതിപക്ഷ നേതാക്കളെയും വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന ബി.ജെ.പിയുടെയും ഇ.ഡിയുടെയും രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിൽ. ഹൈക്കോടതി ഉത്തരവിനെതിരായ തുടർനടപടികൾ പാർട്ടി തലത്തിൽ ആലോചിച്ച് നിയമപരമായ വഴികൾ തേടുമെന്നും പി. ജയരാജൻ വ്യക്തമാക്കി.
Content Highlight:K.M. Shajahan’s petition is part of the ED’s political game; the move will be countered both politically and legally: P. Jayarajan.
