വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനം; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എല്ലാ പിന്തുണയും: കെ.സി. വേണുഗോപാല്‍
Daily News
വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനം; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എല്ലാ പിന്തുണയും: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2026, 1:12 pm

ന്യൂദല്‍ഹി: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. വി.ഡി സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ദല്‍ഹില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വേണുഗോപാല്‍ പറഞ്ഞു.

‘കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്‍കി യു.ഡി.എഫിനെ അധികാരത്തിലേറ്റിയത്. 102 അംഗ ഭൂരിപക്ഷം എന്നത് സമകാലിക ചരിത്രത്തിലില്ലാത്തതായിരുന്നു. ആ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടാവും, യു.ഡി.എഫ് സര്‍ക്കാര്‍. ആ സര്‍ക്കാര്‍ നയിക്കുന്ന മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനും എല്ലാ പിന്തുണയും അറിയിക്കുന്നു,’ വേണുഗോപാല്‍ പറഞ്ഞു.

എം.എല്‍.എമാരുടെ പിന്തുണ താങ്കള്‍ക്കായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ല എന്ന് വേണുഗോപാല്‍ മറുപടി നല്‍കി. വി.ഡി. സതീശന് പൂര്‍ണ പിന്തുണ നല്‍കില്ലേ എന്ന ചോദ്യത്തിന് അതില്‍ ഒരു സംശയവുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. പാര്‍ട്ടിയാണ് എനിക്കെല്ലാം. പാര്‍ട്ടിക്ക് ഉപരിയായി ഇമേജ് ഉണ്ടാക്കിയിട്ടില്ല. എന്നും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കാനാഗ്രഹിക്കുന്ന പ്രവര്‍ത്തകനാണ് ഞാന്‍. പാര്‍ട്ടിയാണ് വലുത്, ജനങ്ങളാണ് വലുതെന്നും വേണുഗോപാല്‍ പറഞ്ഞു.

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലേ എന്ന ചോദ്യത്തിന് എന്താ സംശയമെന്ന് കെ.സി മറുപടി നല്‍കി. എ.ഐ.സി.സിയില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തിട്ടാണോ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരം പ്രശ്‌നങ്ങള്‍ക്കൊന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

എന്ത് പരിഗണനയിലാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന ചോദ്യത്തിന് എല്ലാ വശങ്ങളും പരിഗണിച്ചാണ് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ടാവുക എന്ന് കെ.സി മറുപടി പറഞ്ഞു. നേതൃത്വത്തിന് പല മാനദണ്ഡങ്ങളും ഉണ്ടാവും. അത് പ്രകാരം അവര്‍ തീരുമാനമെടുത്തു എന്നും കെ.സി പറഞ്ഞു.

ലിഗ് സമ്മര്‍ദത്തിന് വഴങ്ങിയാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന ബിജെപി പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബി.ജെ.പിയുടെ ആക്ഷേപത്തിന് താന്‍ എന്തിന് മറുപടി പറയാനാണ് എന്ന് കെ.സി പ്രതികരിച്ചു. മുഖ്യമന്ത്രി നിര്‍ണയം കൃത്യമായും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K.C Venugopal on electing VD Satheeshan As Kerala CM