ലണ്ടന്‍: അടുത്ത വര്‍ഷം ലോകത്തെ ഞെട്ടിക്കുന്ന ദശലക്ഷക്കണക്കിന് രേഖകളുമായി എത്തുമെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ ബാല്‍ക്കണിയില്‍ മാധ്യമപ്രവര്‍ത്തകരേയും അനുയായികളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അസാഞ്ചെ.[]

ലോകത്തെ ഞെട്ടിക്കുന്ന വമ്പന്‍ രേഖകളാണ് തന്റെ  കൈവശമുള്ളതെന്നും അടുത്ത വര്‍ഷം ഇത് പുറത്തുവിടുമെന്നും അസാഞ്ചെ  പറഞ്ഞു. രേഖകള്‍ പുറത്ത് വരുന്നതോടെ ഓസ്‌ട്രേലിയയില്‍ തിരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍മാരുടെ പണിപോകുമെന്നും അസാഞ്ചെ മുന്നറിയിപ്പ് നല്‍കി.

തന്നെ ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കാത്ത ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ അധാര്‍മിക പ്രവര്‍ത്തനം തുടരുന്ന കാലത്തോളം ഇക്വഡോര്‍ എംബസിയില്‍ തന്നെ താന്‍ കഴിയുമെന്നുംമ അസാഞ്ചെ പറഞ്ഞു.

എന്നാല്‍ താനുമായി സംസാരിക്കുവാനാഗ്രഹിക്കുന്നവരുടെ നിരാശപ്പെടുത്തില്ലെന്നും അസാഞ്ചെ പറഞ്ഞു. വിക്കിലീക്‌സിന് യു.എസ് ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ചതിന്റെ പേരില്‍ തടവില്‍ കഴിയുന്ന സൈനികന്‍ ബ്രാഡ്‌ലീ മാനിങ്ങിന് അസാഞ്ചെ നന്ദി രേഖപ്പെടുത്തി.

അന്യായമായി രണ്ട് വര്‍ഷത്തോളം തടവില്‍ കഴിയേണ്ടി വന്നിട്ടും നിലപാടില്‍ മാറ്റം വരുത്താത്ത ബ്രാഡ്‌ലിയുടെ ധീരതയെ അസാഞ്ചെ വാനോളം പുകഴ്ത്തുകയും ചെയ്തു.

ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്വീഡനിലേക്ക് നാടുകടത്താന്‍ വിധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അസാഞ്ചെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്.