ആയുഷ്മാനെക്കുറിച്ചല്ല ആ പരാമർശം; മോഹൻലാൽ വിഷയത്തിൽ വ്യക്തത വരുത്തി ജൂഡ് ആന്തണി
Malayalam Cinema
ആയുഷ്മാനെക്കുറിച്ചല്ല ആ പരാമർശം; മോഹൻലാൽ വിഷയത്തിൽ വ്യക്തത വരുത്തി ജൂഡ് ആന്തണി
അജ്മല്‍ കെ
Monday, 10th August 2026, 7:42 am

മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ബോളിവുഡ് ചിത്രം ഒരുക്കാൻ പദ്ധതിയിട്ടിരുന്നെന്നും, ചിത്രത്തിൽ മോഹൻലാലിന് സെക്കൻഡറി റോൾ നൽകാനുള്ള നിർമാതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രോജക്ടിൽ നിന്ന് പിന്മാറിയെന്നുമുള്ള ജൂഡ് ആന്തണി ജോസഫിന്റെ വെളിപ്പെടുത്തൽ നേരത്തെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, തന്റെ പരാമർശം ആയുഷ്മാൻ ഖുറാനയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൂഡ് ആന്തണി. ആയുഷ്മാനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

ജൂഡ് ആന്തണി ജോസഫ്. Photo: Screengrab/ Club fm/ Youtube.com

‘ആയുഷ്മാനെ കണ്ടതിൽ സന്തോഷം. മോഹൻലാൽ സാറിനെക്കുറിച്ച് ഞാൻ പറഞ്ഞ പരാമർശം നിർമാതാവിനെക്കുറിച്ചായിരുന്നു. അതിന് ആയുഷ്മാനുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തോട് വലിയ ബഹുമാനമാണ്. ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ ജൂഡ് കുറിച്ചു.

മോഹൻലാലിനെ കേന്ദ്രീകരിച്ച് തയ്യാറാക്കിയിരുന്ന സ്ക്രിപ്റ്റ് ആയുഷ്മാന് ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും ചിത്രം നടക്കാതെ പോയത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പ്രശ്നം കൊണ്ടല്ലെന്നും ജൂഡ് വ്യക്തമാക്കി. ‘ഇത്രയും കഴിവും മികവുമുള്ള ഒരു നടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരിക്കൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നും ജൂഡ് കുറിച്ചു.

ജൂഡിന്റെ പോസ്റ്റിന് താഴെ ആയുഷ്മാൻ ഖുറാനയും പ്രതികരിച്ചു. ജൂഡിന്റെ സിനിമകളുടെ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം ഉടൻ പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആയുഷ്മാൻ പറഞ്ഞു. മോഹൻലാൽ ഒരു ഇതിഹാസ താരമാണെന്നും അദ്ദേഹത്തിന്റെ അഭിനയത്തോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നും വ്യക്തമാക്കിയ ആയുഷ്മാൻ, ഒരിക്കൽ അദ്ദേഹത്തിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നന്നതായും കുറിച്ചു.

ആയുഷ്മാൻ ഖുറാന.Photo: IMDb

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.

Content Highlight: Jude Anthany Joseph clarifies his remarks about Ayushmann Khurrana

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.