ബറേലി: ഉത്തര്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച നവമാധ്യമപ്രവര്‍ത്തകന്‍ ജോഗേന്ദ്ര സിങ്ങിന്റെ മരണമൊഴി പുറത്ത്.
“എന്തിനാണവര്‍ എന്നെ തീക്കൊളുത്തിയത്?” മന്ത്രിക്കും അദ്ദേഹത്തിന്റെ ഗുണ്ടകള്‍ക്കും പ്രതികാരം ചെയ്യണമായിരുന്നെങ്കില്‍ എന്നെ മര്‍ദ്ദിച്ചാല്‍ പോരായിരുന്നോ. മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തണമായിരുന്നോ? എന്ന് കരഞ്ഞുകൊണ്ടു പറയുന്ന സിങ്ങിന്റെ വാക്കുകളാണ് പുറത്തുവന്നത്.
മജിസ്‌ട്രേറ്റിനു സിങ് നല്‍കിയ മൊഴിയിലാണ് സിങ് ഇങ്ങനെ പറയുന്നത്. ജോഗേന്ദ്ര സിങ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെ ജൂണ്‍ എട്ടിനാണ് ഈ ദൃശ്യം പകര്‍ത്തിയത്. അന്നുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് ക്ഷീരവികസന മന്ത്രി റാം മൂര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ടു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ജോഗേന്ദ്ര സിങ്ങിനെ തീക്കൊളുത്തിയത്.
കേസില്‍ മന്ത്രിയ്ക്കും മറ്റ് നാലുപേര്‍ക്കുമെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 302 (കൊലപാതകം), 504 (സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം) 506 (ക്രിമിനല്‍ ഭീഷണി), 120ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജൂണ്‍ 1ന് ജോഗേന്ദ്ര വര്‍മ്മയുടെ വീട്ടിലെത്തിയ ഒരു സംഘം പോലീസുകാര്‍ അദ്ദേഹത്തിനു മേല്‍ തീക്കൊളുത്തുകയാണുണ്ടായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
