ടെസ്റ്റ് ക്രിക്കറ്റിൽ വീണ്ടും ചരിത്രം നേട്ടവുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. അന്താരാഷ്ട്ര റെഡ് ബോൾ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ തവണ അർധ സെഞ്ച്വറി നേടുന്ന താരമായാണ് റൂട്ട് മാറിയത്. പാക്കിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന്റെ നേട്ടം.
മത്സരത്തിൽ 112 പന്തിൽ 66 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 10 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 68 തവണയാണ് റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ അർധ സെഞ്ച്വറി കടന്നത്. നിലവിൽ ഈ നേട്ടത്തിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനൊപ്പമാണ് റൂട്ട്. ഇനിയുള്ള ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി കൂടി നേടിയാൽ സച്ചിനെയും മറികടക്കാൻ ഇംഗ്ലണ്ട് നായകന് സാധിക്കും.
അതേസമയം ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ 171 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബൗളിങ് നിരയിൽ ഒലി റോബിൻസൻ, ജോഷ് ടംഗ് എന്നിവർ അഞ്ച് വീതം വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ പാക് ബാറ്റിങ് തകർന്നടിയുകയായിരുന്നു.
പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയത് അബ്ദുള്ള ഷഫീഖ് ആണ്. 104 പന്തിൽ 61 റൺസാണ് താരം സ്വന്തമാക്കിയത്. എട്ട് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇമാം ഉൽ ഹഖ് 74 പന്തിൽ 42 റൺസും ക്യാപ്റ്റൻ സൽമാൻ അലി ആഘ 29 പന്തിൽ 21 റൺസും സ്വന്തമാക്കി.
Content Highlight: Joe Root create a historical record in test cricket