ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് കണ്ണുംപൂട്ടി പറയാവുന്ന ഒന്നാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
ജാന്‍ ഏ മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളുടെ യാതൊരു ഷെയ്ഡുമില്ലാതെയാണ് ചിദംബരം ബാലന്‍ ഒരുക്കിയത്. ആവേശം എന്ന സൂപ്പര്‍ഹിറ്റൊരുക്കിയ ജിത്തു മാധവനാണ് ബാലന്റെ തിരക്കഥ. ആവേശത്തിന് ശേഷം ജിത്തു തിരക്കഥയൊരുക്കിയ പൈങ്കിളി വന്‍ പരാജയമായിരുന്നു. സോഷ്യല്‍ മീഡിയയിലും പൈങ്കിളി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു.
ഒരു പൈങ്കിളി കൊണ്ട് എഴുതിത്തള്ളേണ്ടയാളല്ല താനെന്ന് ജിത്തു മാധവന്‍ ബാലനിലൂടെ തെളിയിച്ചു. ഒരുപാട് ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന, പല ലെയറുകളുള്ള കഥാപാത്രങ്ങള്‍ നിറഞ്ഞ ഗംഭീര സ്‌ക്രിപ്റ്റാണ് ബാലന്റേത്. കോമഡിയും ഇമോഷനും ത്രില്ലുമെല്ലാം നിറഞ്ഞ ഇത്തരമൊരു സ്‌ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കുക എന്നത് അധികമാര്‍ക്കും സാധിക്കാത്ത കാര്യമാണ്.
അവിടെയാണ് ജിത്തു മാധവന്‍ എന്ന തിരക്കഥാകൃത്ത് വിജയിച്ചത്. ആവേശം, രോമാഞ്ചം എന്നീ സിനിമകള്‍ പോലെ കൊമേഴ്‌സ്യല്‍ എലമെന്റുകള്‍ നിറഞ്ഞ സ്‌ക്രിപ്‌റ്റൊരുക്കിയ ജിത്തുവാണോ ഇതുപോലെ ക്ലാസ് സ്‌ക്രിപ്റ്റ് എഴുതിയതെന്ന് ചിലസമയം തോന്നിപ്പോകും. എല്ലാ ഴോണറും തനിക്ക് സാധിക്കുമെന്ന് ബാലനിലൂടെ ജിത്തു തെളിയിച്ചു.
ആദ്യത്തെ സീനില്‍ പ്രധാന കഥാപാത്രങ്ങളായ അമ്മയും മകനുമായി വളരെ നല്ലൊരു ഇമോഷണല്‍ കണക്ഷന്‍ സൃഷ്ടിച്ചെടുക്കാന്‍ ജിത്തുവിന് സാധിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ ഐഡന്റിറ്റി നല്‍കാനും അവരുടെ ഇമോഷന്‍ കൃത്യമായി വരച്ചിടാനും ജിത്തുവിന്റെ സ്‌ക്രിപ്റ്റ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ബാലന്‍ ഹിറ്റായതോടെ രണ്ട് താരങ്ങളുടെ ആരാധകരുടെ കാര്യം എടുത്തുപറയേണ്ടതാണ്. തമിഴ് താരം സൂര്യയുടെ ഫാന്‍സിന് ബാലന്റെ വിജയം നല്‍കുന്ന ആശ്വാസം ചെറുതല്ല. 13 വര്‍ഷത്തെ ഹിറ്റില്ലാ സ്ട്രീക്ക് കറുപ്പിലൂടെ അവസാനിപ്പിച്ച സൂര്യയുടെ വിശ്വരൂപം സൂര്യ 47ല്‍ കാണാനാകുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സില്‍ ചിലര്‍ക്ക് ബാലന്റെ വിജയം ചെറിയ നിരാശ സമ്മാനിക്കുന്നുണ്ട്.
ആവേശത്തിന് ശേഷം ജിത്തു മാധവന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗോകുലം ഗോപാലന്‍ ഈ ചിത്രം നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ പിന്നീട് ഈ ചര്‍ച്ച എങ്ങുമെത്താതെ പോവുകയും ചെയ്തു. യുവ സംവിധായകരില്‍ ഗംഭീര പൊട്ടന്‍ഷ്യലുള്ളവരില്‍ ഒരാളായ ജിത്തു മാധവനൊപ്പമുള്ള സിനിമ മോഹന്‍ലാല്‍ കൈവിട്ടതിലെ നിരാശ പലരും പങ്കുവെക്കുന്നുണ്ട്.
Content Highlight: Jithu Madhavan done brilliant script for Balan movie