ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

ഡിസംബര്‍ 21നാണ് നേര് തിയേറ്ററിലെത്തുന്നത്. മോഹന്‍ലാല്‍, പ്രിയ മണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

മോഹന്‍ലാല്‍ എന്ന നടനെ ഈ കാലഘട്ടത്തില്‍ മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ എന്ന് ജീത്തു ജോസഫിനോട് അവതാരകന്‍ ചോദിച്ചപ്പോള്‍ വേണ്ട വിധം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അങ്ങനെ പറയാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ആ ചോദ്യത്തിന് ജീത്തു ജോസഫ് പറഞ്ഞത് മോഹന്‍ലാല്‍ എന്ന നടനെ നല്ല ഫിലിം മേക്കേഴ്‌സ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ അത് നടക്കുന്നില്ലെങ്കില്‍ താന്‍ അടക്കമുള്ള ഡയറക്ടേസിന്റെ കുഴപ്പമാണ് അതെന്നുമായിരുന്നു.

‘ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് ഇത്. നമ്മള്‍ ഒരു കഥ എഴുതി തീരുമ്പോള്‍ അതില്‍ ലാല്‍ സാര്‍ വേണം എന്ന് ആഗ്രഹിക്കുകയാണ്. ഒരു നടന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍, ഒരാള്‍ കഥ വന്ന് പറയുന്നു. ആ കഥ നല്ലതായിരിക്കും. സ്‌ക്രിപ്റ്റ് കൊണ്ടു വരുമ്പോള്‍ അതും നല്ലതാകും. എന്നിട്ടും ചിലപ്പോള്‍ സിനിമ മോശമാകാറുണ്ട്.

അത് അവരുടെ പ്രശ്‌നമല്ല. അത് ഫിലിം മേക്കേഴ്‌സിന്റെ പ്രശ്‌നമാണ്. ഇനി ഫിലിം മേക്കേഴ്‌സിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍, നമ്മള്‍ ഒരു ജഡ്ജ്‌മെന്റില്‍ പോകുകയാണ്. ഇത് ശരിയാണെന്ന് വിശ്വാസിച്ചാണ് നമ്മള്‍ പോകുന്നത്. പക്ഷേ തിയേറ്ററില്‍ ആളുകള്‍ വരുമ്പോള്‍ അത് ശരിയല്ലാതെയായി മാറുന്നു.

എന്റെ സിനിമകളില്‍ ദൃശ്യം സിനിമയല്ല മെമ്മറീസ് ആണ് നല്ലതെന്ന് പറയുന്നവരുണ്ട്. അത് ഓരോരുത്തരുടെയും കാഴ്ച്ചപാടാണ്. പ്രായമുള്ള ആളുകളോട് ചോദിച്ചാല്‍ അവര്‍ ചിലപ്പോള്‍ മമ്മി ആന്‍ഡ് മീ ആണ് നല്ലതെന്ന് പറയും. കാരണം അവരെ കൂടുതല്‍ റിലേറ്റ് ചെയ്യുന്ന സിനിമ അതാകും. എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന നടനെ നല്ല ഫിലിം മേക്കേഴ്‌സ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് കൊടുക്കുന്നില്ലെങ്കില്‍ ഞാന്‍ അടക്കമുള്ള ഡയറക്ടേസിന്റെ കുഴപ്പമാണ്,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Mohanlal