മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ യെ കുറിച്ചും ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതയെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
ജോര്‍ജുകുട്ടിയും കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണെന്നും, അവരുടെ ഭാവിജീവിതത്തെക്കുറിച്ചുള്ള ആകാംക്ഷകള്‍ക്ക് ഈ ചിത്രം കൃത്യമായ ഉത്തരം നല്‍കുമെന്നുമാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദൃശ്യം 3 ന്റെ ബോക്‌സ് ഓഫീസ് കളക്ഷനൊന്നും പ്രവചിക്കാന്‍ താന്‍ ആളല്ലെന്നും ജീത്തു പറഞ്ഞു.
മോഹന്‍ലാല്‍ Photo: Aashirvad Cinemas
‘ഇതൊരു നല്ല സിനിമയാണ്. ജോര്‍ജുകുട്ടിയും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇനി ജോര്‍ജുകുട്ടിയുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, ഭാവി എന്താണ് എന്നൊക്കെയുള്ള ചോദ്യമാണെങ്കില്‍ ഈ സിനിമ അവരെ സാറ്റിസ്ഫൈ ചെയ്യും.
അതിന്റെ അപ്പുറത്തേക്ക് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍ അവരെ എനിക്ക് സാറ്റിസ്ഫൈ ചെയ്യിക്കാന്‍ പറ്റുമോ എന്ന് അറിയില്ല. നല്ല സിനിമയാണെന്നുള്ള പ്രതീക്ഷയാണെങ്കില്‍ അവര്‍ സാറ്റിസ്ഫൈഡ് ആകും.’ ജീത്തു പറഞ്ഞു.
സിനിമയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും എന്നാല്‍ അവകാശവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് ഭയമില്ല. നല്ല സിനിമയാണെന്ന കോണ്‍ഫിഡന്‍സ് ഉണ്ട്. പിന്നെ ബോക്സ് ഓഫീസ് കളക്ഷനൊന്നും പ്രഡിക്ട് ചെയ്യാന്‍ ഞാന്‍ ആളല്ല,’ ജീത്തു ജോസഫ് വ്യക്തമാക്കി.
ജീത്തു ജോസഫ് Photo: Aashirvad Cinemas
ബോക്‌സ് ഓഫീസ് കണക്കുകളെ മാത്രം അടിസ്ഥാനമാക്കി ഒരു സിനിമയെ വിലയിരുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. തിയേറ്ററില്‍ വലിയ വിജയമാകുന്ന എല്ലാ സിനിമകളും നല്ല സിനിമകളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ജീത്തുവിന്റെ വാക്കുകള്‍.
‘തിയേറ്ററില്‍ ഭയങ്കര സക്സസ്ഫുള്ളായ, ബോക്സ് ഓഫീസില്‍ ഭയങ്കരമായി ഓടിയ പടങ്ങള്‍ എല്ലാം നല്ല പടങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഓടാത്ത പടങ്ങള്‍ മോശമാണെന്നും കരുതുന്നില്ല. അത് ഓരോരുത്തരുടേയും കാഴ്ചപ്പാടാണ്. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ ഒരുപക്ഷേ താങ്കള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല.’ ജീത്തു പറഞ്ഞു.
‘ദൃശ്യം’ വെറുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനേക്കാളുപരി കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നും കുടുംബസമേതം കാണാന്‍ കഴിയുന്ന മുഹൂര്‍ത്തങ്ങള്‍ ദൃശ്യം 3 യില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇതൊരു ഫാമിലി ഡ്രാമയാണ്. ഫാമിലിയുമായി വരുന്നവരെ സന്തോഷിപ്പിക്കുന്ന, അവരുടെ കണ്ണുനനയിക്കുന്ന മുഹൂര്‍ത്തങ്ങളുള്ള സിനിമയാണ്. നമ്മുടെ ഇമോഷന്‍സിനെ ടച്ച് ചെയ്യുമ്പോഴല്ലേ നമ്മള്‍ ഒരു സിനിമയെ സ്നേഹിക്കുന്നത്. അതിനുള്ള സംഭവങ്ങള്‍ ഈ സിനിമയിലുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph about Box Office Hit Movies and Drishyam Collection