മലയാള സിനിമയിൽ പുതുതലമുറയുടെ ആവേശവും വേഗതയും ദൃശ്യവത്കരിച്ച സംവിധായകനാണ് ജീൻ പോൾ ലാൽ. പ്രശസ്ത നടനും സംവിധായകനും ആയ ലാലിന്റെ മകൻ എന്ന ലേബലിൽ എത്തി, പിന്നീട് സ്വന്തം സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ‘ലാൽ ജൂനിയർ’ ആയി അദ്ദേഹം മാറി. ‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ സംവിധാന മികവ് തെളിയിച്ച ജീൻ, ‘മഞ്ഞുമ്മൽ ബോയ്സ്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മികച്ചൊരു നടൻ കൂടിയാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിരിക്കുകയാണ്.
2013-ൽ പുറത്തിറങ്ങിയ ‘ഹണി ബീ’ എന്ന ചിത്രത്തിലൂടെയാണ് ജീൻ പോൾ ലാൽ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിയ ഈ ചിത്രത്തിന് ശേഷം ശ്രദ്ധേയമായ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.
ഹണി ബീ, ഹായ് അയാം ടോണി, ഹണി ബീ 2: സെലിബ്രേഷൻസ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. ആദ്യ ചിത്രത്തിൽ തന്നെ ബോക്സ് ഓഫീസ് വിജയം നേടിയ അദ്ദേഹം നടനെന്ന നിലയിലും മുന്നേറുകയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിലും ജീൻ പ്രധാനപെട്ട ഒരു പൊലീസ് വേഷത്തിൽ എത്തുന്നു.
ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ഹണി ബീ പോലെയൊരു സിനിമ ഇനിയും വേണം എന്ന് പറയുന്ന ആരാധകരോട് അത്തരമൊരു ചിത്രം എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് ജീൻ പോൾ ലാൽ. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്ത് തന്റെ എഴുത്തിൽ പല പരീക്ഷണങ്ങൾ നടത്തി വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് താൻ എന്നാണ് ജീൻ പറയുന്നത്. സംവിധാനത്തിലുപരി ഒരു എഴുത്തുകാരനെന്ന നിലയിൽ എഴുത്തിൽ വ്യത്യസ്തമായ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും ജീൻ പറയുന്നു.
‘എന്റെ മനസിൽ ഒരുപാട് സിനിമയുണ്ട്. സിനിമയേക്കാൾ ഉപരി എഴുത്തിൽ ഒരുപാടു പരീക്ഷണങ്ങൾ നടത്തണമെന്നുണ്ട്. എഴുത്തുകാരൻ സംവിധായകൻ ആയാൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ നമ്മുടെ വർക്ക് കൊണ്ട് വരാൻ സാധിക്കു. സംവിധാനം മാത്രമാണെങ്കിൽ നമ്മൾ കാത്തിരിക്കേണ്ടി വരും നല്ല ഒരു സബ്ജെക്ട് വരാൻ. ഒരുപാട് പല തരത്തിലുള്ള സിനിമകൾ ചെയ്യാൻ ആണ് എന്റെ ആഗ്രഹം. ഒരു പാട് പേര് പറയും ഹണി ബീ പോലെയൊരു സിനിമ ചെയ്യാൻ. അങ്ങനെ പറയുമ്പോൾ സത്യം പറഞ്ഞാൽ ഹണി ബീ പോലെയുള്ള ഒരു സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ല. അതുപോലെ വേറെ സിനിമ ചെയ്യാൻ ആണ് ആഗ്രഹം’ ജീൻ ലാൽ പറയുന്നു.
Content Highlight: Jean Paul Lal said he wouldn’t make a film like Honey Bee again