ഷാജി പാപ്പന്‍ മണ്ടനുമാണ് മാസുമാണ്; പത്ത് വര്‍ഷം കഴിഞ്ഞും ആ കഥാപാത്രം ഓര്‍ക്കുന്നതിന്റെ കാരണമത്: ജയസൂര്യ
Malayalam Cinema
ഷാജി പാപ്പന്‍ മണ്ടനുമാണ് മാസുമാണ്; പത്ത് വര്‍ഷം കഴിഞ്ഞും ആ കഥാപാത്രം ഓര്‍ക്കുന്നതിന്റെ കാരണമത്: ജയസൂര്യ
ഐറിന്‍ മരിയ ആന്റണി
Tuesday, 24th March 2026, 3:08 pm

തിയേറ്ററില്‍ ഗംഭീര കുതിപ്പ് തുടരുകയാണ് മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ആട്3. രണ്ടാം ഭാഗമിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രാഞ്ചൈയ്‌സിയിലെ മൂന്നാം ഭാഗമായെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ കത്തി കയറുകയാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തില്‍ 82 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.

സിനിമയില്‍ ഷാജി പാപ്പനായി ജയസൂര്യ അഴിഞ്ഞാടുമ്പോള്‍ ഡ്യൂഡും അറക്കല്‍ അബുവുമെല്ലാം കട്ടക്ക് തന്നെ കൂടെ നില്‍ക്കുന്നുണ്ടെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ആട് സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മനസ് തുറക്കുകയാണ് ജയസൂര്യ. തനിക്ക് വ്യക്തിപരമായി വളരെ അറ്റാച്ച്‌മെന്റുള്ള കഥാപാത്രമാണ് ഷാജി പാപ്പനെന്ന് നടന്‍ പറയുന്നു.

‘അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാത്തരം ഓഡിയന്‍സിനെയും വളരെയധികം സന്തോഷിപ്പിച്ചിട്ടുള്ള ഒരാളാണ് ഇയാള്‍. ഞാന്‍ എവിടെ ചെന്നാലും ഷാജി പാപ്പന്റെ കുട്ടി ഫാന്‍സിനെക്കാണാം. വയസായ ആളുകള്‍, അമ്മമാര്‍, ചെറുപ്പക്കാര്‍. അങ്ങനെ എല്ലാ പ്രായക്കാര്‍ക്കും ഇയാളെ ഇഷ്ടമാകുന്നു എന്നതാണ് വലിയ കാര്യം. പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ ഈ കഥാത്രത്തെ ഓര്‍ത്തിരിക്കുന്നു.

ഞാന്‍ വേറൊരു കാര്യം പറയട്ടെ…. നമ്മുടെ വീട്ടിലെ കുടുംബാംഗങ്ങളുടെ പോലും ഫോണ്‍ നമ്പര്‍ നമുക്ക് കാണാതെ അറിയാമോ? നമ്മള്‍ ദിവസവും എത്രയെത്ര ആളുകളെ കാണുന്നു പരിചയപ്പെടുന്നു. അവരുടെയെല്ലാം പേരുകള്‍ നമ്മള്‍ ഓര്‍ത്തിരിക്കാറുണ്ടോ? ഒരു സിനിമയെ കഥാപാത്രത്തിന്റെ പേര് പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍ത്തിരിക്കുന്നു,’ ജയസൂര്യ പറയുന്നു.

അത്രയും ഷോര്‍ട്ട് മെമ്മറിയുള്ള കാലഘട്ടത്തില്‍ ഷാജി പാപ്പന്‍ എന്ന പേര് ഓര്‍ത്തിരിക്കുന്നത് ഒരു വലിയ കാര്യമായിട്ടാണ് താന്‍ കാണുന്നതെന്നും ആ കഥാപാത്രം മാസുമാണ്, മണ്ടനുമാണ് എന്നും ജയസൂര്യ പറഞ്ഞു. ഇങ്ങനെ ഒരു പുതുമയുള്ള കഥാപാത്രത്തെ പ്രേക്ഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ 2015ല്‍ എത്തിയ ‘ആട് ഒരു ഭീകരജീവിയാണ്’  തിയേറ്ററില്‍ പരാജയമായിരുന്നു. പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം  ഭാഗം സൂപ്പര്‍ ഹിറ്റായി മാറിയതോടെ അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ ശക്തമായി. ജയസൂര്യയുടെ കരിയറിലെ നാഴിക കല്ലായി മാറിയ സിനിമ കൂടിയാണ് ആട്.

Content Highlight:  Jayasurya talks about his character Shaji Pappan in the movie Aadu and his love for the character

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.