എനിക്കും കണ്ണനും ഷറഫുദ്ദീന്‍ വരുമോ എന്ന് സംശയം തോന്നി; അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ  സങ്കല്‍പ്പിക്കാന്‍ കഴിയില്ല: ജയറാം
Malayalam Cinema
എനിക്കും കണ്ണനും ഷറഫുദ്ദീന്‍ വരുമോ എന്ന് സംശയം തോന്നി; അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ  സങ്കല്‍പ്പിക്കാന്‍ കഴിയില്ല: ജയറാം
ഐറിന്‍ മരിയ ആന്റണി
Wednesday, 4th February 2026, 9:55 pm

എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയ്ക്ക് ശേഷം ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി. പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആശ ശരത്ത്, ഇഷാനി കൃഷ്ണ, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ സിനിമയില്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. ഷറഫുദ്ദീന്‍ സിനിമയിലേക്ക് വരുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ജയറാം പറയുന്നു.

‘കൃഷ്ണമൂര്‍ത്തി കാരണമാണ് ആശകള്‍ ആയിരം പ്രാവര്‍ത്തികമായത്. ഞാന്‍ ആദ്യം ബാദുഷയുമായാണ് ബന്ധപ്പെട്ടത്, ബാദുഷ കൃഷ്ണ മൂര്‍ത്തിയിലേക്ക് വന്നു. അങ്ങനെയാണ് ഗോപാലന്‍ സാറിലേക്ക് എത്തുന്നതും സിനിമ ഓണ്‍ ആകുന്നതും. ആശകള്‍ ആയിരത്തില്‍ ഒരു പ്രധാനപ്പെട്ട വേഷം ആര് ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ആശയകുഴപ്പം ഉണ്ടായിരുന്നു.

എന്നാല്‍ തുടക്കം മുതലേ കൃഷ്ണമൂര്‍ത്തിയുടെ ഉള്ളിലുള്ളത് ഷറഫുദ്ദീനായിരുന്നു. പക്ഷേ എനിക്കും കണ്ണനുമൊക്കെ അദ്ദേഹം വരുമോയെന്ന് സംശയമുണ്ടായി. ഷറഫുദ്ദീന്‍ ചെയ്യുമോ എന്ന് ഞങ്ങള്‍ ചോദിച്ചു. കാരണം അദ്ദേഹം നായകനായി അഭിനയിക്കുന്ന വ്യക്തിയാണ് , അതുപോലെ സ്വന്തമായി പ്രൊഡക്ഷനുണ്ട്. അങ്ങനെ എത്രയോ സിനിമകള്‍ ചെയ്യുന്നുണ്ട്.

പക്ഷേ അദ്ദേഹം സിനിമയില്‍ വന്ന് ആ കഥാപാത്രം ചെയ്യുക മാത്രമല്ല, ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. ഇത്രത്തോളം ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഷറഫു ചെയ്തപ്പോഴാണ് മനസിലായത്,’ ജയറാം പറയുന്നു.

ഷറഫുദീനെയല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി ചിന്തിക്കാന്‍ കഴിയില്ലെന്നും അത്ര മനോഹരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ജയറാം പറഞ്ഞു. പ്രേമം സിനിമയിലെ ഗിരിരാജന്‍ കോഴി അദ്ദേഹത്തിന്റെ മികച്ച പെര്‍ഫോമെന്‍സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേമത്തിലെ റോള്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടാണ് ചെയ്യാനെന്നും കാണുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും ഗിരിരാജന്‍ കോഴിയെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും ജയറാം പറഞ്ഞു.

Content Highlight: Jayaram talks about Sharafudeen and aashakal  aayiram movie 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.