എന്റെ പാട്ട് കേള്‍ക്കാതെ മകള്‍ ഉറങ്ങില്ല, വലിയ ഫാനാണെന്ന് ധോണിയുടെ ഭാര്യ... ആള് മാറിപ്പോയോ എന്നാണ് ആദ്യം ചിന്തിച്ചത്: ജയറാം
Malayalam Cinema
എന്റെ പാട്ട് കേള്‍ക്കാതെ മകള്‍ ഉറങ്ങില്ല, വലിയ ഫാനാണെന്ന് ധോണിയുടെ ഭാര്യ... ആള് മാറിപ്പോയോ എന്നാണ് ആദ്യം ചിന്തിച്ചത്: ജയറാം
അമര്‍നാഥ് എം.
Thursday, 28th May 2026, 8:53 am

സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ജയറാം. പദ്മരാജന്‍ കൈപിടിച്ചുകൊണ്ടുവന്ന ജയറാം വളരെ വേഗത്തില്‍ മലയാളത്തിലെ അവിഭാജ്യഘടകമായി മാറി. ഫീല്‍ ഗുഡ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ ജയറാമിന് സാധിച്ചു. ഇടക്ക് മലയാളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും തന്റെ ഫാന്‍ ബേസ് പോയില്ലെന്ന് തിരിച്ചുവരവില്‍ ജയറാം തെളിയിച്ചു.

മലയാളത്തിന് പുറമെ അന്യഭാഷയിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴില്‍ 30ന് മുകളില്‍ സിനിമകളുടെ ഭാഗമായ ജയറാം തെലുങ്കിലും കന്നഡയിലും മികച്ച സിനിമകളുടെ ഭാഗമായി. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ നായകവേഷം കൈകാര്യം ചെയ്യുകയാണ് ജയറാം. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പരിമള ആന്‍ഡ് കോ റിലീസിന് തയാറെടുക്കുകയാണ്.

ജയറാം Photo: Screen grab/ Cinema Vikatan

സിനിമക്ക് അപ്പുറം ജീവിതത്തില്‍ മറക്കാനാകാത്ത ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് ജയറാം. താമസം ചെന്നൈയിലായതില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ കാണാന്‍ പോകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാച്ച് കാണാന്‍ പോയപ്പോള്‍ ധോണിയുടെ ഭാര്യ സാക്ഷി  തന്റെയടുത്തേക്ക് ഓടി വന്ന് സംസാരിച്ചെന്നും താരം പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ജയറാം.

‘ഞാന്‍ അവിടെ ഒരു ടേബിളില്‍ ഇരിക്കുകയായിരുന്നു. ധോണിയുടെ ഭാര്യയെ ദൂരെ നിന്ന് കണ്ടിരുന്നു. അവര്‍ ഓടി വന്ന് എന്റെ കാലില്‍ തൊട്ടിട്ട് ‘സാര്‍, ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ്’ എന്ന് പറഞ്ഞു. വേറെ ആരെങ്കിലുമാണെന്ന് കരുതി എന്റെ കാലില്‍ തൊട്ടതാണോ എന്നാണ് ആദ്യം ചിന്തിച്ചത്. ഇക്കാര്യം അവരോടും ചോദിച്ചു. എന്നെത്തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞു.

സാക്ഷി ധോണി Photo: Reddit

പിന്നീടാണ് അവര്‍ മറ്റൊരു കാര്യം പറഞ്ഞത്. അവരുടെ വീട്ടിലുണ്ടായിരുന്ന ആയ മലയാളിയായിരുന്നു. ധോണിയുടെ മകള്‍ക്ക് ചെറുപ്പം മുതല്‍ മലയാളം പാട്ടുകളായിരുന്നു പാടിക്കൊടുത്തത്. അതില്‍ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ട് കേട്ടാല്‍ മാത്രമേ മകള്‍ ഉറങ്ങുള്ളൂ. ആ പാട്ട് ഒരു പേപ്പറില്‍ എഴുതി വെച്ചിട്ടുണ്ട്. ആ പാട്ട് പാടിയിട്ടാണ് ഒരുപാട് കാലം മകളെ ഉറക്കിയതെന്ന് അവര്‍ പറഞ്ഞു. മറക്കാനാകാത്ത അനുഭവമായിരുന്നു അത്,’ ജയറാം പറയുന്നു.

ഏറെക്കാലത്തിന് ശേഷം ജയറാമും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ. തലൈവന്‍ തലൈവിക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തില്‍ മിഷ്‌കിന്‍, യോഗി ബാബു, സഞ്ജന നടരാജന്‍, സാന്‍ഡി, സിങ്കം പുലി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. മെയ് 28ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം ജൂണ്‍ അഞ്ചിലേക്ക് മാറ്റിവെക്കുകയായിരുന്നു.

Content Highlight: Jayaram shares an incident during an IPL match

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം