ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കര. പോര്‍ തൊഴില്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. താരത്തിന്റെ 54ാമത് ചിത്രമാണിത്. കഴിഞ്ഞവര്‍ഷം ഷൂട്ട് പൂര്‍ത്തിയായ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തില്‍ മലയാളി താരങ്ങളുടെ സാന്നിധ്യവുമുണ്ട്.

സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഇതുവരെ കാണാത്ത തരത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമിത കരയില്‍ വേഷമിടുന്നത്. സെല്ലി എന്ന ഗ്രാമീണ യുവതിയുടെ വേഷമാണ് മമിതക്ക്. മമിത മാത്രമല്ല, മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിന്റെ ഭാഗമാണ്.

ഭരതന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് സുരാജിന്. തമിഴില്‍ സുരാജിന്റെ ആദ്യ പൊലീസ് വേഷം കൂടിയാണ് കരയിലേത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് സുരാജിന്റേതെന്ന് പോസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഈ രണ്ട് പേരെയും കൂടാതെ മൂന്നാമതൊരു മലയാളി താരവും കരയുടെ ഭാഗമാണ്. സൂപ്പര്‍താരം ജയറാമാണ് കരയിലെ മൂന്നാമത്തെ മലയാളി സാന്നിധ്യം.

താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുത്തു സെല്‍വം എന്നാണ് ഈ ചിത്രത്തില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു. അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം തന്നെയാകും ജയറാമിനെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. റിവഞ്ച് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ കരസാമി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. കരുണാസ്, കെ.എസ്. രവികുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം.

തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ വേല്‍സ് ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സമ്മര്‍ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. നായകനായെത്തിയ കഴിഞ്ഞ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ ശരാശരിയിലൊതുങ്ങിയ ധനുഷിന്റെ തിരിച്ചുവരവാകും ഈ ചിത്രമെന്നാണ് ആരാധകര്‍ കരുതുന്നത്. ഏപ്രില്‍ 30നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Jayaram’s character poster in Kara movie out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ