Jayaram-Prathap-pothanസോഷ്യല്‍ മീഡിയയിലൂടെ തന്നെയും മകന്‍ കാളിദാസിനെയും അപമാനിച്ചെന്നാരോപിച്ച് പ്രതാപ് പോത്തനെതിരെ നടന്‍ ജയറാം പരാതി നല്‍കി. താരസംഘടനയായ അമ്മയ്ക്കാണ് ജയറാം പരാതി നല്‍കിയത്. പ്രതാപ് പോത്തന്‍ സിനിമാ രംഗത്തുള്ള ആളായതിനാല്‍ നിയമപരമായി ഇതിനെ നേരിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അമ്മയ്ക്ക് പരാതി നല്‍കുന്നതെന്നും ജയറാം പറഞ്ഞു.

പ്രതാപ് പോത്തന്റെ ഫേസ് ബുക്ക് പോസ്റ്റ് തന്നെ ആരാധിക്കുന്നവര്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് കാരണമായെന്നും ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍ തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിച്ചെന്നും ജയറാം പറഞ്ഞു. അതേസമയം ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അമ്മ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നെടുമുടി വേണുവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മെയിലാണ് ജയറാമിന്റെ പേര് പരാമര്‍ശിക്കാതെ ജയറാമിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. കറുത്ത നിറമുള്ള മനുഷ്യരെ പുച്ഛിക്കുന്ന ഈ നടന്‍ വര്‍ഗീയവാദിയാണെന്നും മന്ദബുദ്ധിയാണെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിവാദമായതോടെ പോസ്റ്റ്  പിന്‍വലിച്ച പ്രതാപ് പോത്തന്‍ പിന്നീട് അതിന് വിശദീകരണവുമായും രംഗത്തു വന്നിരുന്നു. അതേസമയം വിഷയത്തില്‍ ഇതുവരെ കാര്യമായ പ്രതികരണമൊന്നും ജയറാമിന്റെ ഭാഗത്തി നിന്നും ഉണ്ടായിരുന്നില്ല.