ബാറ്റിങ് വെടിക്കെട്ടിനിടയിലെ എക്കോണമിക്കല്‍ ബുംറ; ലോകകപ്പുകളിലെ മജീഷ്യന്‍!
Cricket
ബാറ്റിങ് വെടിക്കെട്ടിനിടയിലെ എക്കോണമിക്കല്‍ ബുംറ; ലോകകപ്പുകളിലെ മജീഷ്യന്‍!
ഫസീഹ പി.സി.
Thursday, 12th March 2026, 9:44 pm

ടി – 20 ലോകകപ്പില്‍ ഒരിക്കല്‍ കൂടി ചാമ്പ്യന്മാരായി ഇന്ത്യന്‍ സംഘം ക്രിക്കറ്റ് നേട്ടങ്ങളുടെ കൊടുമുടി കയറിരിക്കുകയാണ്. കുട്ടി ക്രിക്കറ്റില്‍ കിരീടവരള്‍ച്ചയുടെ ഒരു പതിറ്റാണ്ടിന് ശേഷം ഇപ്പോള്‍ തങ്ങളുടെ വിജയഗാഥ ചരിത്രത്തില്‍ കോറിയിടുകയാണ് ഈ നീലപ്പട. ഇത്തവണ കിവീസിനെ തകര്‍ത്ത് വീണ്ടും ചാമ്പ്യന്മാരായതോടെ ഒട്ടനവധി റെക്കോഡുകളും ഈ സംഘം കുറിച്ചിരുന്നു.

ചരിത്രത്തിലാദ്യമായി ടി – 20 ലോകകപ്പുയര്‍ത്തുന്ന ടീമെന്ന നേട്ടമായിരുന്നു ഇതിലൊന്ന്. ഒപ്പം സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തുന്ന, മൂന്നാം കിരീടം നേടുന്ന ടീമെന്ന നേട്ടങ്ങളും മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ പേരിനൊപ്പം ചേര്‍ത്തു. ടീമിലെ ഓരോരുത്തരുടെയും സംഭാവനകളുടെ ബലത്തിലാണ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയതെങ്കിലും അതില്‍ ചിലരുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്.

2026 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: Shebas/x.com

അതില്‍ ഒരാളാണ് ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ. ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറെന്ന് വിശേഷണമുള്ള താരം ഈ ലോകകപ്പിലും ആ പേരിനോട് നീതി പുലര്‍ത്തി. ലോകകപ്പ് തുടക്കത്തില്‍ പതിവിന് വിപരീതമായി കുറച്ച് അടി വാങ്ങിയെങ്കിലും ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ താരം രക്ഷകനായി അവതരിച്ചിരുന്നു.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയുമുള്ള ബുംറയുടെ സ്‌പെല്‍ അതിന് ഒരു ഉദാഹരമാണ്. സെമിയില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിലേക്ക് അതിവേഗം മുന്നേറിയ ഇംഗ്ലണ്ടിന് കടിഞ്ഞാണിട്ടത് താരത്തിന്റെ അവസാന രണ്ട് ഓവറുകളായിരുന്നു. ഇതിന്റെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.

ഈ പ്രകടനങ്ങളുടെ തുടര്‍ച്ചയാണ് അഹമ്മദാബാദിലെ ഫൈനലിലും കാണാന്‍ സാധിച്ചത്. കിവീസിനെതിരെ നാല് ഓവര്‍ എറിഞ്ഞ് നാല് വിക്കറ്റുകളുമായി ബുംറ ആരാധകരുടെ മനം കവര്‍ന്നു. വെറും 15 റണ്‍സ് വിട്ടുകൊടുത്തായിരുന്നു പേസ് മാസ്റ്ററുടെ ഈ പ്രകടനം. ഇത് താരത്തിന് ഫൈനലിലെ താരമെന്ന പട്ടവും സമ്മാനിച്ചു.

ജസ്പ്രീത് ബുംറ. Photo: BCCi/x.com

2026 ലോകകപ്പ് അവസാനിക്കുമ്പോള്‍ ബുംറ അക്കൗണ്ടിലാക്കിയത് 14 വിക്കറ്റുകളാണ്. അതോടെ ഫാസ്റ്റ് ബൗളര്‍ ടൂര്‍ണമെന്റിന്റെ വിക്കറ്റ് വേട്ടക്കാരില്‍ തന്റെ സഹതാരം വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ലോകകപ്പിന്റെ തുടക്കത്തില്‍ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ ഇല്ലാതിരുന്ന താരം അവസാനം മിന്നിയാണ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയതെന്ന് ഇതിനോട് ചേര്‍ത്ത് വെക്കണം.

ബുംറയുടെ വിക്കറ്റ് വേട്ടക്കൊപ്പം തന്നെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് താരത്തിന്റെ എക്കോണമി. 6.21 എക്കോണമിയാണ് ഈ വര്‍ഷം താരത്തിനുള്ളത്. അതാകട്ടെ ബൗളര്‍മാരെല്ലാം അടി വാങ്ങികൂട്ടിയ ഒരു എഡിഷനിലാണ് എന്ന് എടുത്തുപറയേണ്ടതാണ്. എന്നാല്‍, ഇത് ആദ്യമായല്ല, ഫാസ്റ്റ് ബൗളര്‍ ലോകകപ്പില്‍ എക്കോണമിക്കലായി പന്തെറിയുന്നത്.

ബുംറ കളിച്ച കഴിഞ്ഞ രണ്ട് ടി – 20 ലോകകപ്പിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിച്ചിരുന്നു. 2021ലെ 5.08 ആയിരുന്നു താരത്തിന്റെ എക്കോണമി. അടുത്ത വര്‍ഷം, 2022ല്‍ മുംബൈ ബൗളര്‍ക്ക് പരിക്ക് കാരണം ലോകകപ്പ് നഷ്ടമായി. എന്നാല്‍, അടുത്ത ലോകകപ്പില്‍ കളത്തിലിറങ്ങിയപ്പോഴും താരം റണ്‍സ് അധികം വിട്ടുനല്‍കിയില്ല. 2024ല്‍ 4.17 ആയിരുന്നു ബുംറയുടെ എക്കോണമി.

2024 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: Espncricinfo

ഈ വര്‍ഷങ്ങളിലെല്ലാം 100 പന്തെങ്കിലും എറിഞ്ഞ ബൗളര്‍മാരില്‍ ഏറ്റവും മികച്ച എക്കോണമിയുള്ള താരമെന്ന നേട്ടവും തന്റെ പേരിലാക്കിയിട്ടുണ്ട് ബുംറ. മൂന്ന് ലോകകപ്പില്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്ക് കാണിച്ച് താരം ലോകത്തിലെ മികച്ച ബൗളറാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.

Content Highlight: Jasprit Bumrah  has the best economy rate in three T20 World Cups among players to have bowled 100-plus balls

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി