വലിയ സംഭവവികാസങ്ങള്‍ക്കായിരുന്നു തമിഴ് സിനിമാ ലോകവും രാഷ്ട്രീയവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാക്ഷ്യം വഹിച്ചത്. തമിഴിലെ ഏറ്റവുമധികം സ്റ്റാര്‍വാല്യൂവുള്ള അഭിനേതാവായ വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തപ്പോള്‍ നേരംപോക്ക് മാത്രമായിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും ഭൂരിപക്ഷം നേടി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.
രാഷ്ട്രീയ വിവാദങ്ങളുടെ ഭാഗമായി വിജയിയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഒട്ടനവധി അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. മകന്‍ ജേസണ്‍ വിജയിയുമായി അകല്‍ച്ചയിലാണെന്നത് അതിലൊന്നായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ജേസണിന്റെ അഭിമുഖം ഇതിനെയെല്ലാം കാറ്റില്‍ പറത്തിയിരുന്നു. വിജയ് സിനിമയില്‍ നിന്നും പിന്മാറിയപ്പോള്‍ മകന്‍ ജേസണ്‍ സംവിധായകനായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

Photo: X.com
ഇന്ന് റിലീസിനൊരുങ്ങുന്ന സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സിനിമാ ലോകത്തേക്ക് തന്റെ ആദ്യ ചുവട് വെക്കുന്നത്. തെലുങ്ക് താരം സുന്ദീപ് കിഷനെ നായകനാക്കി സംവിധായകനായാണ് ജേസണ്‍ സഞ്ജയ് തന്റെ ആദ്യ ചിത്രവുമായി അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ആക്ഷന്‍ റൊമാന്‍സ് ഡ്രാമയായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷനുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പഠനകാലം മുതല്‍ തന്നെ തനിക്ക് എഴുത്തിലും കഥ പറച്ചിലിലുമുണ്ടായിരുന്ന താത്പര്യത്തെ കുറിച്ച് ജേസണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഞാന്‍ എന്റെ ഡിഗ്രി കാലഘട്ടം മുതല്‍ തന്നെ തിരക്കഥകള്‍ എഴുതുന്ന കാര്യം പലര്‍ക്കും അറിയാവുന്ന കാര്യമാണ്. എനിക്ക് എഴുത്തില്‍ താത്പര്യമുണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്. എന്റെ ചെറിയ പ്രായം മുതല്‍ തന്നെ എനിക്ക് സ്റ്റോറി ടെല്ലിങ്ങില്‍ താത്പര്യമുണ്ടായിരുന്നു. ഇത് സിനിമയുമായി മാത്രം ബന്ധപ്പെട്ടിട്ടല്ല. ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അടുത്തും പല കഥകള്‍ പറഞ്ഞിരുന്നു.

സിഗ്മ. Photo: X.com
അവര്‍ എന്റെ കൂടെ ഇല്ലാത്തപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ അവരോട് പറഞ്ഞിരുന്നത്. നടന്ന കാര്യം അതുപോലെ പറയാതെ കുറച്ച് മസാലയും എരിവും പുളിയും എല്ലാം ചേര്‍ത്ത് വെച്ചുകെട്ടി കഥയാണ് പറയാറുള്ളത്. കഥ പറച്ചില്‍ എനിക്കിഷ്ടമാണ്. അങ്ങനെയാണ് എന്റെ സിനിമയോടുള്ള പാഷന്‍ വളര്‍ന്നത്,’ ജേസണ്‍ പറഞ്ഞു.
Content Highlight: Jason Sanjay talks about his passion for storytelling
