തിയേറ്ററില്‍ ക്യാഷറായി ജോലി ചെയ്തിട്ടുണ്ട്, ഓസിന് സിനിമ കാണാമല്ലോ എന്ന ഒറ്റ ചിന്തയായിരുന്നു അതിന് പിന്നില്‍: ജേസണ്‍ സഞ്ജയ്
Indian Cinema
തിയേറ്ററില്‍ ക്യാഷറായി ജോലി ചെയ്തിട്ടുണ്ട്, ഓസിന് സിനിമ കാണാമല്ലോ എന്ന ഒറ്റ ചിന്തയായിരുന്നു അതിന് പിന്നില്‍: ജേസണ്‍ സഞ്ജയ്
അമര്‍നാഥ് എം.
Saturday, 22nd August 2026, 5:00 pm

തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് സിനിമാജീവിതം ഉപേക്ഷിച്ചതിന് പിന്നാലെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അച്ഛനെപ്പോലെ നായകനായിട്ടല്ല, സംവിധായകനായിട്ടാണ് ജേസണ്‍ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ആദ്യമായി അണിയിച്ചൊരുക്കിയ സിഗ്മ റിലീസിന് തയാറെടുക്കുകയാണ്.

തെലുങ്ക് താരം സന്ദീപ് കിഷനെ നായകനാക്കിയാണ് ജേസണ്‍ സിഗ്മ ഒരുക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതീക്ഷ നല്‍കുന്നവയായിരുന്നു. വിജയ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് എല്ലാവരിലും നിന്ന് മാറി, വിദേശത്ത് പഠനത്തില്‍ ശ്രദ്ധിക്കുകയായിരുന്നു ജേസണ്‍.

വിദേശത്ത് പഠിക്കുമ്പോഴും സിനിമയോട് പാഷനുണ്ടായിരുന്നെന്ന് പറയുകയാണ് ജേസണ്‍ സഞ്ജയ്. കോളേജ് പഠനകാലത്ത് ചില പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫിലിംമേക്കിങ് കോഴ്‌സെല്ലാം ചെയ്തിട്ടുണ്ടെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. പോക്കറ്റ് മണിക്ക് വേണ്ടി ചില പാര്‍ട് ടൈം ജോലികള്‍ ചെയ്തിട്ടുണ്ടായിരുന്നെന്നും ജേസണ്‍ പറയുന്നു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു ജേസണ്‍ സഞ്ജയ്.

‘ഒന്നുരണ്ട് ആഡ് ഫിലിമുകളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. ഓരോ ക്ലൈന്റിനെ തപ്പിപ്പിടിച്ച് അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ പരസ്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. അതില്‍ നിന്ന് അധികം പൈസയൊന്നും കിട്ടാറില്ല. പിന്നെ അല്ലറ ചില്ലറ പാര്‍ട് ടൈം ജോലികളും ചെയ്തിട്ടുണ്ട്. ഞാന്‍ പഠിച്ച സ്ഥലത്ത് കാള്‍ട്ടണ്‍ എന്നൊരു തിയേറ്ററുണ്ട്. അവിടെ ക്യാഷറായിട്ട് ജോലി ചെയ്തിട്ടുണ്ടായിരുന്നു.

ആ തിയേറ്ററെന്ന് വെച്ചാല്‍ ബൈസിക്കിള്‍ തീവ്‌സ്, മോഡേണ്‍ ടൈംസ് പോലെ ക്ലാസിക്ക് സിനിമകള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങളൊക്കെയാണ് കൂടുതലായും സ്‌ക്രീന്‍ ചെയ്യാറുള്ളത്. പുതിയ റിലീസുകള്‍ കുറവാണ്. അവിടെ ക്യാഷറായി ജോലിക്ക് കയറിയത് തന്നെ ഓസിന് പടം കാണാന്‍ വേണ്ടിയാണ്. ചില ദിവസം ആരുമില്ലെങ്കില്‍ കൗണ്ടര്‍ ക്ലോസ് ചെയ്തിട്ട് ഞാന്‍ ഒറ്റക്കിരുന്ന പടം കാണും. കാരണം, സിനിമ കാണുന്നതാണ് എന്റെ ഏറ്റവും വലിയ ഹോബി,’ ജേസണ്‍ സഞ്ജയ് പറയുന്നു.

അച്ഛന്‍ സിനിമാജീവിതം ഉപേക്ഷിച്ചതിനാല്‍ തന്നോട് നായകനായി അഭിനയിച്ചുകൂടെ എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ അഭിനയമോഹം തനിക്കില്ലെന്നും ജേസണ്‍ പറഞ്ഞു. ഇപ്പോള്‍ സിഗ്മ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Jason Sanjay saying he worked as a cashier in theater during his college days

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം