59ാം വയസില്‍ ലോക റെക്കോഡ്; ഫുട്‌ബോളില്‍ പുതിയ ചരിത്രമെഴുതി ജപ്പാന്‍ ഇതിഹാസം
Football
59ാം വയസില്‍ ലോക റെക്കോഡ്; ഫുട്‌ബോളില്‍ പുതിയ ചരിത്രമെഴുതി ജപ്പാന്‍ ഇതിഹാസം
സുദേവ് എ
Tuesday, 4th August 2026, 9:07 am

ഫുട്‌ബോളില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ജപ്പാന്‍ ഇതിഹാസം കസുയോഷി മിയൂറ. പലരും വിരമിക്കുന്ന പ്രായത്തില്‍ ഇപ്പോഴും കളിക്കളത്തില്‍ പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കുതിക്കുകയാണ് കസ്യൂയോഷി. 59ാം വയസില്‍ ഗോള്‍ നേടിയാണ് ജപ്പാന്‍ ഇതിഹാസം ഫുട്‌ബോള്‍ ലോകത്തില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്തത്.

ജപ്പാന്‍ ക്ലബ്ബ് ഫുകുഷിമ യുണൈറ്റഡിന്റെ താരമായ കസുയോഷി ഇവക്കി ഫുവുകാവക്കെതിരെയാണ് ഗോള്‍ നേടിയത്. യുണൈറ്റഡ് എംപറര്‍ കപ്പിലാണ് താരം ഫുകുഷിമക്കായി വലകുലുക്കിയത്.

ഇതോടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി കസുയോഷി മാറിയത്. മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകളുടെ വിജയമായിരുന്നു ഫുകുഷിമ സ്വന്തമാക്കിയത്. തന്റെ ഫുട്‌ബോള്‍ കരിയറിലെ 42ാം വര്‍ഷത്തിലും പ്രായത്തെ പോലും തോല്‍പ്പിച്ചുകൊണ്ട് ജപ്പാന്‍ ഇതിഹാസം കുതിക്കുകയാണ്.

1967 ഫെബ്രുവരി 26ന് ജനിച്ച കസുയോഷി മിയൂറ 1986ല്‍ ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ബ്രസീലിയന്‍ മണ്ണില്‍ തുടങ്ങിയ ഫുട്‌ബോള്‍ യാത്ര കസുയോഷി ഇന്നും തുടരുകയാണ്.

സാന്റോസിന് പുറമെ പാല്‍മീറസ്, മത്സുബാര, സി.ആര്‍.ബി, എക്സ്.വി ഡെ ജാവോ, കോറിടിബ, ടോക്കിയോ വെര്‍ഡി, ജെനോവ, ഡൈനാമോ സാഗ്രെ, ക്യോട്ടോ പര്‍പ്പിള്‍ സാംഗ, വിസല്‍ കോബെ, യോക്കോഹാമ എഫ്.സി, സിഡ്നി എഫ്.സി , സുസൂക്ക പോയിന്റ് ഗെറ്റേഴ്സ്, ഡെസ്പോര്‍ട്ടീവ ഒലിവെയ്റന്‍സ്, അത്ലറ്റിക്കോ സുസൂക്ക എന്നീ ടീമുകള്‍ക്ക് വേണ്ടിയും ജപ്പാന്‍ ലെജന്‍ഡ് ബൂട്ട് കെട്ടി.

ക്ലബ്ബ് ഫുട്‌ബോളിന് പുറമെ ജപ്പാന്‍ ദേശീയ ടീമിനൊപ്പവും മികച്ച പോരാട്ടങ്ങള്‍ കാഴ്ചവെച്ച താരം കൂടിയാണ് കസുയോഷി. ജപ്പാനായി കളത്തിലിറങ്ങിയ 89 മത്സരത്തില്‍ നിന്ന് 55 ഗോളുകളാണ് താരം നേടിയത്. ജപ്പാനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് കസുയോഷി.

ഏറ്റവും പ്രായമേറിയ പ്രൊഫഷണല്‍ ഫുട്ബോളര്‍ എന്ന ലോക റെക്കോഡുമായി കസുയോഷി കുതിക്കുമ്പോള്‍ ഇനിയും ആ ബൂട്ടുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Japanese legend Kazuyoshi Miura creates new history in football

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.