അന്ന് ഗോവയില്‍ എസ്.എസ്.എഫ് പരിപാടിയില്‍ ശ്രീധരന്‍ പിള്ള; ഇന്ന് തീവ്ര ഇസ്‌ലാമിക സംഘടനയെന്ന് ജനം ടി.വി
Kerala News
അന്ന് ഗോവയില്‍ എസ്.എസ്.എഫ് പരിപാടിയില്‍ ശ്രീധരന്‍ പിള്ള; ഇന്ന് തീവ്ര ഇസ്‌ലാമിക സംഘടനയെന്ന് ജനം ടി.വി
ആദർശ് എം.കെ.
Saturday, 11th July 2026, 4:10 pm

 

തൃശൂര്‍: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനെ (എസ്.എസ്.എഫ്) തീവ്ര ഇസ്‌ലാമിക സംഘടനയായി ചിത്രീകരിച്ച് ജനം ടി.വി. എസ്.എസ്.എഫ് സാഹിത്യോത്സവിനെ കുറിച്ചുള്ള വാര്‍ത്തയിലാണ് തീവ്ര ഇസ്‌ലാമിക സംഘടനയായി ഇവരെ വിശേഷിപ്പിച്ചത്.

‘സ്‌കൂളുകളിലും വര്‍ഗീയതയോ? തീവ്ര ഇസ്‌ലാമിക സംഘടനയായ എസ്.എസ്.എഫിന് പരിപാടി നടത്താന്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടുനല്‍കി’ എന്നതായിരുന്നു ജനം ടി.വിയുടെ വാര്‍ത്ത.

തൃശൂര്‍ മാള അന്നമനട ഗവണ്‍മെന്റ് സ്‌കൂളാണ് എസ്.എസ്.എഫ് സാഹിത്യോത്സവിനായി വിട്ടുനല്‍കിയത്. ഇതിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കാര്‍ഡുകളും ജനം ടി.വി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ചു.

എന്നാല്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

‘എസ്.എസ്.എഫ് എന്താണെന്ന് സംഘികള്‍ക്ക് അറിയാത്തതുകൊണ്ടാണ്’, ‘എസ്.എസ്.എഫ് നടത്തിയ ഏതെങ്കിലും ഒരു തീവ്രവാദ പ്രവര്‍ത്തനം തെളിയിക്കാന്‍ സംഘികള്‍ക്ക് സാധിക്കുമോ?’ ‘എസ്.എസ്.എഫ് ഒരു വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയാണ്. സാഹിത്യം ഒരു സാംസ്‌കാരിക പ്രവര്‍ത്തനവുമാണ്. ഇത്രയും അടിസ്ഥാനപരമായ കാര്യം പോലും മനസ്സിലാക്കാതെ തെറ്റായ പ്രചാരണം നടത്തുന്നത് വിവരക്കേടല്ലെങ്കില്‍ പിന്നെ എന്താണ്?’ തുടങ്ങിയ കമന്റുകള്‍ വാര്‍ത്തയ്‌ക്കെതിരെ ഉയര്‍ന്നുവരുന്നുണ്ട്.

ഇതോടൊപ്പം തന്നെ 2024ലെ എസ്.എസ്.എഫ് നാഷണല്‍ സാഹിത്യോത്സവില്‍ ബി.ജെ.പി നേതാവ് പി.എസ്, ശ്രീധരന്‍ പിള്ള പങ്കെടുത്തതും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2024 നവംബര്‍ 29, 30 ഡിസംബര്‍ ഒന്ന് തീയ്യതികളില്‍ ഗോവയിലെ വെര്‍ണയില്‍ നടന്ന പരിപാടി അന്നത്തെ ഗോവ ഗവര്‍ണറായ ശ്രീധരന്‍ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും കൊങ്കിണി എഴുത്തുകാരനുമായ ഉദയ് ലക്ഷിമികാന്ത് മുംമ്പ്‌റെ മുഖ്യാതിഥിയായി. യുവ എഴുത്തുകാരന്‍ ജോസ് ലോറെന്‍സോ, നൗഷാദ് ആലം മിസ്ബാഹി, സി.പി. ഉബൈദുല്ല സഖാഫി, ശരീഫ് നിസാമി, സുഹൈറുദ്ധീന്‍ നൂറാനി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായിരുന്നു.

അതേസമയം, എസ്.എസ്.എഫ് നാഷണല്‍ സാഹിത്യോത്സവിന്റെ 33ാം എഡിഷന് കേരളമാണ് വേദിയാകുന്നത്. 2026 ജൂലൈ 20 മുതല്‍ 26 വരെ നടക്കുന്ന പരിപാടികള്‍ക്ക് ആലപ്പുഴയാണ് വേദിയാകുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള സര്‍ഗപ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കുക. യൂണിറ്റ് മുതല്‍ സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളായ വിദ്യാര്‍ഥികളാണ് ദേശീയ സാഹിത്യോത്സവിലെ മത്സരാര്‍ഥികള്‍.

 

 

 

 

Content highlight: Janam TV labels SSF an extremist Islamic organization; social media highlights Sreedharan Pillai’s participation.

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.