ഖലീഫയ്‌ക്കൊന്ന് ഐ ആം ഗെയിമിനൊന്ന്, രണ്ടും ഒന്നിനെന്ന് മെച്ചം; അസലായവള്‍ക്ക് പിന്നാലെ മഴവില്ലായേയും വൈറലാക്കി ജേക്ക്‌സ്
Malayalam Cinema
ഖലീഫയ്‌ക്കൊന്ന് ഐ ആം ഗെയിമിനൊന്ന്, രണ്ടും ഒന്നിനെന്ന് മെച്ചം; അസലായവള്‍ക്ക് പിന്നാലെ മഴവില്ലായേയും വൈറലാക്കി ജേക്ക്‌സ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 11th August 2026, 7:20 pm

ദിവസങ്ങള്‍ കഴിയുന്നതും എണ്ണി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികളിപ്പോള്‍. മൂന്ന് മികച്ച സംവിധായകരില്‍ നിന്നും മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് ഓഗസ്റ്റ് 20, 21 തിയ്യതികളില്‍ പുറത്തിറങ്ങാനിരിക്കുന്നത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം, വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാലിന്റെ കാമിയോ റോളില്‍ പൃഥ്വിരാജ് നായകനാകുന്ന ഖലീഫ, ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന ബെത്‌ലഹേം കുടുംബയൂണിറ്റ് തുടങ്ങി മൂന്ന് പ്രതീക്ഷയേകുന്ന ചിത്രങ്ങളാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

Photo: Sony Music Malayalam

റോം-കോം ഴോണറില്‍ ബെത്‌ലഹേം എത്തുമ്പോള്‍ ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ത്രില്ലറായാണ് മറ്റ് രണ്ട് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതില്‍ പ്രത്യേകതയുള്ള കാര്യമെന്തെന്നാല്‍ ഒരേ ദിവസം റിലീസാകുന്ന ഐ ആം ഗെയിമിനും ഖലീഫയ്ക്കും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണെന്നതാണ്. ഇരു ചിത്രങ്ങളുടെയും ഇതിനോടകം പുറത്തുവന്ന അപ്‌ഡേറ്റുകളിലെയെല്ലാം ജേക്ക്‌സിന്റെ വര്‍ക്കുകള്‍ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചത്.

ജേക്ക്‌സ് ബിജോയ്. Photo: Spotify

കഴിഞ്ഞ മാസം പുറത്തുവിട്ട ഖലീഫയിലെ അസലായവളെ എന്ന ഗാനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ജേക്ക്‌സിന്റെ സംഗീത സംവിധാനത്തില്‍ സിദ് ശ്രീറാം ആലപിച്ച ഗാനം മൂന്നാഴ്ച്ചയ്ക്കുള്ളില്‍ അറുപത് ലക്ഷത്തിലധികം ആളുകള്‍ യൂട്യൂബില്‍ കാണുകയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ വൈറലാകുകയും ചെയ്തിരുന്നു. റൊമാന്റിക് രംഗങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഗാനം വലിയ രീതിയില്‍ സഹായിച്ചിരുന്നു. ചിത്രത്തിനുള്ള ഹൈപ്പുയര്‍ത്താനും അസലായവള്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഐ ആം ഗെയിമിന് വേണ്ടിയും ഒരു മികച്ച ഗാനമാണ് ജേക്ക്‌സ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മഴവില്ലായേ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിടും മുമ്പ് തന്നെ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഗാനം യൂട്യൂബില്‍ കണ്ടിട്ടുണ്ട്. അസലായവളെ പോലെ തന്നെ മറ്റൊരു റൊമാന്റിക് സോങ്ങാണ് മഴവില്ലായേ എന്ന ഗാനവും. കയാദു ലോഹറും ദുല്‍ഖറും തമ്മിലുളള കെമിസ്ട്രി നല്ല രീതിയില്‍ വര്‍ക്കൗട്ടാക്കാന്‍ ഗാനത്തിന് സാധിക്കുന്നുണ്ടെന്നും കാണാം.

Photo: Zee Music South

ഇതോടെ ജേക്ക്‌സിന് അഭിനന്ദനമറിയിച്ച് കൊണ്ട് ഒട്ടനവധി പേരാണ് രംഗത്തെത്തുന്നത്. ക്ലാഷ് റിലീസിനെത്തുന്ന രണ്ട് വലിയ ചിത്രങ്ങളില്‍ ഒരേ സമയം വര്‍ക്ക് ചെയ്യുകയും ഇരു ചിത്രങ്ങള്‍ക്കും ഒന്നിനൊന്ന് മികച്ച ഗാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് സംവിധായകന്റെ കഴിവിനെ സൂചിപ്പിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതിനാല്‍ തന്നെയാണ് മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകനായി ജേക്ക്‌സ് തുടരുന്നതെന്നും കമന്റുകളുണ്ട്.

Content Highlight: Jakes Bejoy’s songs in I’m Game and Khalifa goes viral

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.