സെൻസർ ബോർഡുമായി യുദ്ധത്തിനില്ല, ഞങ്ങൾ നിയമങ്ങൾ അനുസരിച്ചാണ് കാട്ടാളൻ ഒരുക്കിയത് : ജഗദീഷ്
Malayalam Cinema
സെൻസർ ബോർഡുമായി യുദ്ധത്തിനില്ല, ഞങ്ങൾ നിയമങ്ങൾ അനുസരിച്ചാണ് കാട്ടാളൻ ഒരുക്കിയത് : ജഗദീഷ്
കെ.എസ് ഷാബിന
Sunday, 17th May 2026, 6:15 pm

ആനക്കൊമ്പ് കള്ളക്കടത്തിന്റെയും കാടിന്റെ വന്യതയുടെയും കഥ പറയുന്ന ഏറ്റവും പുതിയ മലയാളം ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കാട്ടാളൻ’. ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം നവാഗതനായ പോൾ ജോർജാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഇതിനകം തന്നെ സിനിമാലോകത്ത് വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് നടൻ ജഗദീഷ് അവതരിപ്പിക്കുന്നത്. പ്രായത്തിന്റെ പരിമിതികൾ മറന്ന് കഠിനമായ ശാരീരിക അധ്വാനം ആവശ്യപ്പെട്ട ആക്ഷൻ രംഗങ്ങളിലാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രം നേരിട്ട സെൻസർ ബോർഡ് നിബന്ധനകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

കാട്ടാളൻ.Photo:Mathrubhumi

കാട്ടാളൻ എന്ന സിനിമക്ക് വേണ്ടി സെൻസർ ബോർഡുമായി തങ്ങൾ ഒരു യുദ്ധത്തിന് ഇല്ലെന്നും, വയലൻസ് കുറച്ച് കൊണ്ട് കാട്ടാളനെ ഒരു ആക്ഷൻ ചിത്രമാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാട്ടാളൻ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭുമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

‘കാട്ടാളന്റെ കാര്യത്തിൽ ഞങ്ങൾ ഒരുകാലത്തും സെൻസർ ബോർഡുമായി ഒരു യുദ്ധത്തിനില്ല. അവർ ചെയ്യുന്നത് ന്യായം തന്നെയാണ്. അവരുടെ നിയമങ്ങൾ അനുസരിച്ചാണ് അവർ കാര്യങ്ങൾ ചെയ്യുന്നത്. ആ നിയമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാൻ വേണ്ടി ഞങ്ങൾ വയലൻസ് കുറച്ച് കാട്ടാളനെ ഒരു ആക്ഷൻ സിനിമയാക്കി മാറ്റിയിട്ടുണ്ട്. അതിന്റെ പരിഗണന അവർ തരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’, ജഗദീഷ് പറയുന്നു.

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാട്ടാളൻ. ഈദ് റിലീസായി മെയ് 28ന് ചിത്രമെത്തും.

കാട്ടാളൻ.Photo:Kerala TV

ആനവേട്ടയുടെയും പകയുടെയും കഥ പറയുന്ന ചിത്രത്തിലെ പോസ്റ്ററുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. വി.എഫ്.എക്സ് സഹായമില്ലാതെ യഥാർത്ഥ ആനകളെ ഉപയോഗിച്ചാണ് ചിത്രത്തിലെ സംഘട്ടനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രശസ്ത ഹോളിവുഡ് ചിത്രം ‘ഓങ്-ബാക്’ലൂടെ ശ്രദ്ധേയനായ ‘പോംഗ്’ എന്ന ആനയും ഈ ചിത്രത്തിന്റെ ഭാഗമാണ്.

‘ബാഹുബലി-2’, ‘ജവാൻ’, ‘പൊന്നിയൻ സെൽവൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സ്റ്റണ്ട് ഒരുക്കിയ ലോകപ്രശസ്ത കൊറിയോഗ്രാഫർ കെച്ച കെംബഡികെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പാൻ-ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കൊപ്പം സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ പ്രണവ് രാജ് തുടങ്ങി വലിയൊരു യുവതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളും വികാരനിർഭരമായ കഥയും കോർത്തിണക്കിയ ‘കാട്ടാളൻ’ ഇതിനകം തന്നെ വലിയ തരംഗമായിക്കഴിഞ്ഞു. മെയ് 28ന് ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. അന്താരാഷ്ട്ര നിലവാരത്തിലുള്ള അണിയറപ്രവർത്തനവും മുൻനിര താരങ്ങളുടെ സാന്നിധ്യം കൊണ്ടും, കുടുംബപ്രേക്ഷകർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ ദൃശ്യവിസ്മയത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

Content Highlight: Jagadish talks about censoring of kattalan movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.