തമിഴ്, ഹിന്ദി സിനിമകളുടെ മാര്‍ക്കറ്റ് ഇടിഞ്ഞതും രാജമൗലിയുടെ കടന്നുവരവും കാരണം ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഏറ്റവും വലിയ മാര്‍ക്കറ്റാണ് തെലുങ്ക് ഇന്‍ഡസ്ട്രി. ബാഹുബലിക്ക് ശേഷം പല വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളും തെലുങ്ക് സിനിമയിലാണ് ശ്രദ്ധ നല്‍കുന്നത്. സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിന് പിന്നാലെ ഒന്നായി പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
എന്നാല്‍ സിനിമാരീതികളും പ്രേക്ഷകരും മാറുമ്പോഴും കാലങ്ങളായി പിന്തുടരുന്ന ക്ലീഷേ ഉപേക്ഷിക്കാനാകാത്ത അവസ്ഥയിലാണ് ടോളിവുഡ്. റിലീസിന് തയാറെടുക്കുന്ന പെദ്ദിയിലും സമാന അവസ്ഥയാണ്. അനൗണ്‍സ്‌മെന്റും പിന്നാലെ വന്ന രണ്ട് ഗ്ലിംപ്‌സും പ്രതീക്ഷ നല്‍കിയെങ്കിലും ചിത്രത്തിന്റെ ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
പെദ്ദി Photo: Screen grab/ T Series Telugu
ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പാട്ടിന്റെ പ്രൊമോയും വിമര്‍ശനത്തിന് ഇരയാവുകയാണ്. ‘ഹെല്ലലാലോ’ എന്ന പാട്ട് ഐറ്റം ഡാന്‍സായാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. നടിയും ഗായികയുമായ ശ്രുത ഹാസനാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നായികയായ ജാന്‍വി കപൂറും ഈ പാട്ടിന്റെ ഭാഗമാകുന്നുണ്ട്.
പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന സിനിമകളിലെല്ലാം ഐറ്റം ഡാന്‍സ് കുത്തിക്കയറ്റുന്ന പരിപാടി നിര്‍ത്താറായില്ലേ എന്നാണ് പലരും ചോദിക്കുന്നത്. സിനിമയുടെ രീതികള്‍ മാറിയിട്ടും നായികയുടെ ശരീരം കാണിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന രീതി തെലുങ്ക് സിനിമ ഒരിക്കലും നിര്‍ത്തില്ലെന്നും വിമര്‍ശനങ്ങളുണ്ട്. പെദ്ദിയിലെ നെപ്പോട്ടിസത്തെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ചിരഞ്ജീവിയുടെ മകന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീദേവിയുടെ മകള്‍ നായികയായി വേഷമിടുമ്പോള്‍ കമല്‍ ഹാസന്റെ മകള്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ വരുന്നുവെന്നാണ് പലരും കമന്റ് പങ്കുവെക്കുന്നത്. ചിത്രത്തിലെ ജാന്‍വി കപൂറിന്റെ കഥാപാത്രത്തെക്കുറിച്ചും ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ആദ്യ ഗാനം പുറത്തിറങ്ങിയതുമുതല്‍ ജാന്‍വിയുടെ കഥാപാത്രത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു.
മേനി പ്രദര്‍ശനം നടത്താന്‍ വേണ്ടി മാത്രമാണ് ജാന്‍വിയെ പെദ്ദിയില്‍ കാസ്റ്റ് ചെയ്തതെന്നാണ് ട്രോളുകള്‍. അമിതമായ എക്‌സ്‌പോസിങ് സീനുകള്‍ വലിയ വിമര്‍ശനത്തിന് കാരണമായി. പെദ്ദിക്ക് മുമ്പ് ജാന്‍വി ഭാഗമായ ദേവരയിലും എക്‌സ്‌പോസിങ്ങല്ലാതെ മറ്റൊന്നും ജാന്‍വിക്ക് ചെയ്യാനുണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ പാട്ടും ട്രോളിന് വിധേയമായിരിക്കുകയാണ്.
Content Highlight: Item Dance in Peddi movie getting criticisms