നേപ്പാളിനെ തകര്‍ത്ത് ഇറ്റലി; ലോകകപ്പിലെ ആദ്യ വിജയത്തിനൊപ്പം ഇന്ത്യയ്ക്ക് പോലുമില്ലാത്ത നേട്ടത്തില്‍ അരങ്ങേറ്റക്കാര്‍!
T20 World Cup 2026
നേപ്പാളിനെ തകര്‍ത്ത് ഇറ്റലി; ലോകകപ്പിലെ ആദ്യ വിജയത്തിനൊപ്പം ഇന്ത്യയ്ക്ക് പോലുമില്ലാത്ത നേട്ടത്തില്‍ അരങ്ങേറ്റക്കാര്‍!
ഫസീഹ പി.സി.
Thursday, 12th February 2026, 6:07 pm

2026 ടി – 20 ലോകകകപ്പില്‍ നേപ്പാളിനെ തകര്‍ത്ത് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ടീമിന്റെ വിജയം. അതോടെ അരങ്ങേറ്റ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 123 റണ്‍സിന് പുറത്തായിരുന്നു. ഇതുപിന്തുടര്‍ന്ന ഇറ്റലി വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 44 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ടീമിന്റെ ആദ്യ ജയം.

ലോകകപ്പ് അരങ്ങേറ്റ സീസണിലെ ആദ്യ വിജയത്തിനൊപ്പം തന്നെ ഇറ്റലിക്ക് ഒരു എലീറ്റ് ലിസ്റ്റിലും ഇടം പിടിക്കാനായി. ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കുന്ന ടീമുകളിലാണ് അസൂറികള്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തത്. ലോകകപ്പില്‍ ഇങ്ങനെ വിജയം നേടുന്ന ഏഴാമത്തെ ടീമാണ് ഇറ്റലി. ക്രിക്കറ്റില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യയ്ക്ക് ഇതുവരെ ലോകകപ്പ് ഒരു പത്ത് വിക്കറ്റ് ജയം പോലുമില്ല.

ടി – 20 ലോകകപ്പില്‍ 10 വിക്കറ്റ് വിജയങ്ങള്‍ സ്വന്തമാക്കിയ ടീമുകൾ

(വര്‍ഷം – ടീം – എതിരാളി – ടാര്‍ഗറ്റ് എന്നീ ക്രമത്തില്‍)

2007 – ഓസ്ട്രേലിയ – ശ്രീലങ്ക – 102

2012 – സൗത്ത് ആഫ്രിക്ക – സിംബാബ്വെ – 94

2021 – ഒമാന്‍ – പാപുവ ന്യൂ ഗിനിയ – 130

2021 – പാകിസ്ഥാന്‍ – ഇന്ത്യ – 152

2022 – ഇംഗ്ലണ്ട് – ഇന്ത്യ – 169

2024 – ഇംഗ്ലണ്ട് – യു.എസ്.എ – 116

2026 – ന്യൂസിലാന്‍ഡ് – യു.എ.ഇ – 174

2026 – ഇറ്റലി – നേപ്പാള്‍ – 124

മത്സരത്തില്‍ ഇറ്റലിക്കായി ഓപ്പണര്‍മാരായ ആന്തണി മോസ്‌കയും ജസ്റ്റിന്‍ മോസ്‌കയും അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിനെ വിജയിപ്പിച്ചത്. ആന്തണി 32 പന്തില്‍ 62 റണ്‍സും ജസ്റ്റിന്‍ 44 പന്തില്‍ 60 റണ്‍സും എടുത്തു പുറത്താവാതെ നിന്നു.

ആന്തണി മോസ്‌കയും ജസ്റ്റിന്‍ മോസ്‌കയും. Photo: StarSports/x.com

നേപ്പാളിനായി ആരിഫ് ഷെയ്ഖാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. താരം 24 പന്തില്‍ 27 റണ്‍സെടുത്തു. ഒപ്പം ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ 14 പന്തില്‍ 23 റണ്‍സും ആസിഫ് ഷെയ്ഖ് 20 പന്തില്‍ 20 റണ്‍സും ചേര്‍ത്തു. കൂടാതെ, കരണ്‍ കെ.സി. (11 പന്തില്‍ 18*), ദിപേന്ദ്ര സിങ് ഐറീ (18 പന്തില്‍ 17) എന്നിവരും സംഭാവന ചെയ്തു.

ഇറ്റലിക്കായി ക്രിഷന്‍ കലുഗമാഗെയും ബെഞ്ചമിന്‍ മാനെന്റിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജെ.ജെ. സ്മട്‌സ്, ജസ്പ്രീത് സിങ്, അലി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Italy defeated Nepal and became seventh team to won for 10 wickets in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി