ന്യൂദല്‍ഹി: സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധിയില്‍ വിമര്‍ശനവുമായി ബി.ജെ.പി.
വിഷയം സ്‌കൂള്‍ ഭരണകൂടത്തിന് വിടണമെന്നും ആര് എന്ത് ധരിക്കണമെന്ന് കോടതികള്‍ തീരുമാനിക്കേണ്ട കാര്യമില്ലെന്നും ബി.ജെ.പി ദേശീയ വക്താവ് സയ്യിദ് സഫര്‍ ഇസ്‌ലാം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു മതത്തെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നും വിശ്വാസം ഒരു വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതികള്‍ അത്തരം ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കുന്ന നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും സഫര്‍ ഇസ് ലാം പറഞ്ഞു.
യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നല്‍കിയ ഹരജി അലബബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്നും ഹരജിക്കാരി ഒഴികെ അതേ മതത്തില്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികളാരും ഹിജാബ് ധരിച്ചിട്ടില്ലെന്നുമാരോപിച്ചായിരുന്നു കോടതി ഹരജി തള്ളിയത്. ഇതിനെതിരെയാണ് ബി.ജെ.പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
‘നിങ്ങള്‍ക്ക് ഒരു മതത്തെ മാത്രം ഒറ്റപ്പെടുത്താന്‍ കഴിയില്ല. ഗ്രാമങ്ങളില്‍ സ്ത്രീകള്‍ മൂടുപടം ധരിക്കാറുണ്ട് ഇത് നമ്മുടെ സംസ്‌കാരത്തിന്റെയും സാമൂഹിക മര്യാദയുടെയും ഭാഗമാണ്. ഒരാളുടെ സ്വകാര്യ ജീവിതം എങ്ങനെ നടത്തണമെന്ന് കോടതി തീരുമാനിക്കേണ്ട കാര്യമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’ -സഫര്‍ ഇസ്ലാം പറഞ്ഞു. വിശ്വാസം ഒരു വലിയ കാര്യമാണ് എന്ന വസ്തുത കോടതി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ മതത്തിലെയും ആളുകള്‍ അവരവരുടെ വിശ്വാസങ്ങളില്‍ വിശ്വസിക്കുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുന്നു. ഭരണഘടന എല്ലാവര്‍ക്കും ഈ അവകാശം നല്‍കുന്നുണ്ട്. ഒരു വ്യക്തി എന്ത് ധരിക്കണം അല്ലെങ്കില്‍ എന്ത് ധരിക്കരുത് എന്നതിനെക്കുറിച്ച് കോടതി ഒരു ഉത്തരവുകളും പുറപ്പെടുവിക്കരുത്. ഓരോ പൗരനും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശമുണ്ട്,’ ബി.ജെ.പി നേതാവ് പറഞ്ഞു. യൂണിഫോമിനൊപ്പം എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോളതികളല്ല മറിച്ച് സ്‌കൂളുകളാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: It is not for the courts to decide what anyone should wear; faith is a significant matter: BJP opposes court verdict stating hijab is not mandatory.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.