chidambaramന്യൂദല്‍ഹി: കോടതിയില്‍ നല്‍കാനുള്ള സത്യവാങ്മൂലം തന്നെ മറികടന്ന് മുന്‍ മന്ത്രി പി. ചിദംബരം മാറ്റിയെഴുതിയതാണെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള ചൊവ്വാഴ്ച്ചയും അവകാശപ്പെട്ടു. തന്നോടോ ഇന്റലിജന്‍സ് ബ്യൂറോയോടൊ ആലോചിക്കാതെയായിരുന്നു ഈ നടപടി. ഇന്റലിജന്‍സ് ബ്യൂറോയിലെ താഴ്ന്ന ഉദ്യോഗസ്ഥനെ വിളിച്ചാണ് ഇത് ചെയ്യിച്ചതിനാല്‍. അദ്ദേഹത്തിനാണ് സത്യവാങ്മൂലത്തിന്റെ കരട് സമര്‍പ്പിച്ചത്. അതിനാല്‍ മറ്റാര്‍ക്കും ഒന്നും പറയാനാകുമായിരുന്നില്ലെന്നും ജി.കെ പിള്ള പറഞ്ഞു.

എന്നാല്‍ ജി.കെ പിള്ളയുടെ ആരോപണങ്ങളെ പി. ചിദംബരം നിഷേധിച്ചു. ആദ്യ സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്ന് തന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജി.കെ പിള്ളയോടും അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറോടും ആലോചിച്ചതിന് ശേഷമാണ് രണ്ടാം സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് പി. ചിദംബരം പറഞ്ഞു.

“ഒരു മന്ത്രിയെന്ന നിലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെയും അവരുടെ ശ്രമങ്ങളും വിലയില്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” ഇസ്രത് ജഹാനും ലഷ്‌കര്‍ ഇ തൊയ്ബയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സത്യവാങ്മൂലം തിരുത്തിയതിനെ ന്യായീകരിച്ച് പി. ചിദം ബരം പറഞ്ഞു.

അതേസമയം രാഷ്ട്രീയകാരണങ്ങളാലാണ് ഇസ്രത്ത് ജഹാന്‍ കേസിലെ സത്യവാങ്മൂലം തിരുത്തിയതെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് ആരോപിച്ചു. ഇസ്രത്തിനെ കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ  അറിയിച്ച വിവരങ്ങള്‍ ആരാണ് തിരുത്താന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ച അദ്ദേഹം ചിദംബരം രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

അതേസമയം  ഇസ്രത് ജഹാനെ കൊലപ്പെടുത്തിയ ഏറ്റുമുട്ടല്‍ സംഭവത്തില്‍ ഗുജറാത്ത് പോലീസിനെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.

2004ല്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് ഡേവിഡ് ഹെഡ്‌ലി അടുത്തിടെ മുംബൈ കോടതിയോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണയും സസ്‌പെന്‍ഷനും നേരിടുന്ന ഗുജറാത്ത് പോലീസുകാര്‍ക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.