ഫലസ്തീന്‍ തടവുകാര്‍ക്ക് മുതലകളുടെ കാവല്‍; മൃഗാവകാശം ലംഘിക്കപ്പെടുമെന്ന്, ബെന്‍ ഗ്വിറിന്റെ പദ്ധതിക്ക് വിലക്കുമായി ഇസ്രഈല്‍ കോടതി
World News
ഫലസ്തീന്‍ തടവുകാര്‍ക്ക് മുതലകളുടെ കാവല്‍; മൃഗാവകാശം ലംഘിക്കപ്പെടുമെന്ന്, ബെന്‍ ഗ്വിറിന്റെ പദ്ധതിക്ക് വിലക്കുമായി ഇസ്രഈല്‍ കോടതി
ആദർശ് എം.കെ.
Monday, 3rd August 2026, 7:05 pm

 

ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് ചുറ്റും മുതലകളെ കാവല്‍ നിര്‍ത്താനുള്ള ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ വിവാദ പദ്ധതിക്ക് അടിയന്തര ഇടക്കാല വിലക്കേര്‍പ്പെടുത്തി ഇസ്രഈല്‍ കോടതി.

ഈ പദ്ധതി തടവുകാരോട് കാണിക്കുന്ന ക്രൂരതകളുടെ ഭാഗമാണെന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നെങ്കിലും, മൃഗാവകാശ സംരക്ഷണ സംഘടനയായ ‘ലെറ്റ് ദി ആനിമല്‍സ് ലിവ്’ (Let the Animals Live) നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ജറുസലേം ജില്ലാ കോടതിയുടെ നിര്‍ണായക ഇടപെടല്‍.

തെക്കന്‍ ഇസ്രഈലിലെ നെഗേവ് മരുഭൂമിയിലുള്ള കെറ്റ്‌സിയോട്ട് ജയിലിന് ചുറ്റും വലിയ കിടങ്ങുകള്‍ നിര്‍മിച്ച് അതില്‍ നൈല്‍ മുതലകളെ പാര്‍പ്പിക്കാനായിരുന്നു ബെന്‍-ഗ്വിറിന്റെ ലക്ഷ്യം.

ഫലസ്തീന്‍ തടവുകാര്‍ ജയില്‍ ചാടുന്നത് തടയാനും അവരെ മാനസികമായി തളര്‍ത്താനുമുള്ള സുരക്ഷാ മാര്‍ഗമായാണ് ഈ നീക്കത്തെ സര്‍ക്കാരിലെ തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ അവതരിപ്പിച്ചത്.

ഇതിന്റെ പൈലറ്റ് പ്രോജക്ടിനായി ഏകദേശം 21 ദശലക്ഷം ഷെക്കല്‍ (6.9 ദശലക്ഷം ഡോളര്‍) വകയിരുത്തുകയും കിടങ്ങുകള്‍ നിര്‍മിക്കുന്ന ജോലി ഇതിനോടകം ആരംഭിക്കുകയും ചെയ്തിരുന്നു.

മൃഗാവകാശ സംഘടനയുടെ ഹരജി പരിഗണിച്ച ജഡ്ജി അബ്രഹാം റൂബിന്‍ പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചു.

കാവലിനായി ഇത്തരം സാഹചര്യങ്ങളില്‍ മുതലകളെ ഉപയോഗിക്കുന്നത് അവയോടുള്ള കടുത്ത ക്രൂരതയാണെന്നും അവയുടെ സ്വാഭാവിക ജീവിതത്തെയും സംരക്ഷണത്തെയും ഇത് ബാധിക്കുമെന്നും കോടതി വിലയിരുത്തി.

മുതലകളെ ജയിലിലേക്ക് മാറ്റുന്നതിലുള്ള നിയമതടസം ഒഴിവാക്കാന്‍ പരിസ്ഥിതി മന്ത്രി ഇഡിറ്റ് സില്‍മാന്‍ അവയെ ‘നിയന്ത്രിത വന്യമൃഗങ്ങള്‍’ (managed/tended wild animals) എന്ന് പുനര്‍വിഭാഗീകരണം നടത്തിയിരുന്നു. എന്നാല്‍, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ നീക്കം നിയമവിരുദ്ധമാണെന്ന് പരിസ്ഥിതി സംഘടനകളും കോടതിയും ചൂണ്ടിക്കാട്ടി.

പൈലറ്റ് പദ്ധതി പൂര്‍ത്തിയായാല്‍ അത് ജയില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ വന്‍ സുരക്ഷാ ഭീഷണിയാകുമെന്ന് പരിസ്ഥിതി ബോഡികളും കോടതിയും മുന്നറിയിപ്പ് നല്‍കി.

നിലവില്‍ 9000ലധികം ഫലസ്തീന്‍ തടവുകാര്‍ ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അവര്‍ കടുത്ത പട്ടിണിയും പീഡനങ്ങളുമാണ് നേരിടുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.

തടവുകാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കാനും അവരോടുള്ള ക്രൂരത വര്‍ധിപ്പിക്കാനുമുള്ള ബെന്‍-ഗ്വിറിന്റെ കിരാതമായ നടപടികളുടെ ഭാഗമായാണ് ഈ ‘മുതല കാവല്‍’ പദ്ധതിയെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

കോടതി വിധിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി ബെന്‍-ഗ്വിര്‍ പ്രതികരിച്ചത്. യുദ്ധസമയത്ത് നീതിന്യായ വ്യവസ്ഥ തടവുകാര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷാ നടപടികളെ നിയമവ്യവസ്ഥ അട്ടിമറിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു.

വിഷയത്തില്‍ ഓഗസ്റ്റ് 16നകം സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

Content Highlight: Israeli court has blocked Ben-Gvir’s “crocodile moat” plan for prisons housing Palestinians.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.