ടെല്‍അവീവ്: ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു പരാജയപ്പെട്ട അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് മൊസാദിലെ രണ്ട് ഉന്നതോദ്യോഗസ്ഥരെ പുറത്താക്കിയതായി ഇസ്രഈലി മാധ്യമങ്ങള്‍. ഇസ്രഈലി ചാര സംഘടനയായ മൊസാദിന്റെ തലവന്‍ റോമന്‍ ഗോഫ്മാനാണ് രണ്ട് പേരെയും പുറത്താക്കിയതെന്ന് ചാനല്‍ 12, ഹആരെറ്റ്‌സ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ന്യൂനപക്ഷ ഗ്രൂപ്പുകളെ കലാപത്തിലേക്ക് എത്തിച്ചും പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചും ഇറാന്‍ ഭരണത്തെ അട്ടിമറിക്കാനായി രണ്ട് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പദ്ധയിട്ടിരുന്നതായി ഇസ്രഈലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതി നടപ്പാക്കുന്നതില്‍ രണ്ട് ഉദ്യോഗസ്ഥരും പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇറാനെ അട്ടിമറിക്കാനുള്ള പദ്ധതി യു.എസുമായി സഹകരിച്ചാണ് വികസിപ്പിച്ചതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. പദ്ധതി പരാജയപ്പെടുകയോ ഒരിക്കലും പ്രവര്‍ത്തന ഘട്ടത്തിലേക്ക് എത്താതിരിക്കുകയോ ചെയ്യുകയായിരുന്നു. അട്ടിമറിക്ക് വേണ്ടി ഇറാന്‍ സര്‍ക്കാരിനെതിരായ ആഭ്യന്തര നീക്കങ്ങളെ മുതലെടുക്കുന്നതിനടക്കം മൊസാദ് പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജൂണിലാണ് റോമന്‍ ഗോഫ്മാന്‍ മൊസാദ് തലവനായി ചുമതലയേറ്റത്. ഗോഫ്മാനും ഇപ്പോള്‍ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം തുടക്കം മുതല്‍ തന്നെ വഷളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം മൊസാദിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ വ്യാപകമായ മാറ്റം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പിരിച്ചുവിടലുകളെന്നാണ് ഇസ്രഈലി പ്രതിരോധ വിഭാഗത്തില്‍ നിന്നുള്ള വിവരം.ഇറാനെ അട്ടിമറിക്കാനുള്ള നീക്കം തുടക്കത്തില്‍ തന്നെ നിലച്ചതിനാലാണ് പുറത്താക്കലെന്നും പ്രതിരോധ വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതി തുടക്കത്തില്‍ തന്നെ നിലച്ചതില്‍ ഈ രണ്ട് ഉദ്യോഗസ്ഥരെയാണ് ഉത്തരവാദികളായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനെതിരായ പരാജയപ്പെട്ട അട്ടിമറി നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഇസ്രഈല്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാനെ അട്ടിമറിക്കുന്നത് ബുദ്ധിമുട്ടാണെന്ന തരത്തില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. ഫെബ്രുവരി 28ന് ഇറാനില്‍ ഇസ്രഈല്‍ – യു.എസ് സൈന്യം ആക്രമണം ആരംഭിച്ചതിന് ശേഷമായിരുന്നു മാര്‍ച്ചിലെ നെതന്യാഹുവിന്റെ പ്രസ്താവന.
ഇറാനില്‍ ഭരണ അട്ടിമറി നടത്താനുള്ള പദ്ധതി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരിഗണനയിലുമുണ്ടായിരുന്നെന്നും ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാനെതിരായ സൈനിക നടപടിയുടെ ഭാഗമാവാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിക്കുന്നതിനായുള്ള കൂടിക്കാഴ്ചകളില്‍ ഈ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.