തെല്‍ അവിവ്: ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ പദ്ധതിക്കു പിന്നാലെ പദ്ധതിക്കനുസൃതമായി പുതിയ ഭൂപടം വരയക്കാനൊരുങ്ങി ഇസ്രഈല്‍ സര്‍ക്കാര്‍.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്.

‘ട്രംപിന്റെ പ്രഖ്യാപനത്തിലുള്ള മേഖലകള്‍ ഇസ്രഈലിന്റെ പരിധിയിലാക്കുന്ന ഭൂപട നിര്‍ണയം നടന്നു വരികയാണ്. ഇതില്‍ അധിക സമയം എടുക്കില്ല,’ നെതന്യാഹു പറഞ്ഞു.

മാര്‍ച്ച് 3 ന് നടക്കാനിരിക്കുന്ന മൂന്നാമത് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോര്‍ദ്ദാന്‍ താഴ്‌വരയും ഇസ്രഈല്‍ നിലവില്‍ അധിനിവേശം നടത്തിയിരിക്കുന്ന വെസ്റ്റ് ബാങ്ക് മേഖലകളും ഇസ്രഈലിന്റെ പരിധിയില്‍ വരുത്തുന്നതാണ് പുതിയ ഭൂപടം.

എന്നാല്‍ നെതന്യാഹുവിന്റെ നീക്കത്തെ ഫലസ്തീന്‍ ശക്തമായി എതിര്‍ത്തു. 1967 ല്‍ നിശ്ചയിച്ച അതിര്‍ത്തികള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടത്തെ മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രതിനിധി പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരിയില്‍ ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍  സമാധാന പദ്ധതിയെ മുന്‍നിര്‍ത്തിയാണ് ഇസ്രഈലിന്റെ നീക്കം. ഡീല്‍ ഓഫ് ദ സെഞ്ച്വറി എന്നു വിശേപ്പിച്ച പദ്ധതിയില്‍ ഇസ്രഈല്‍ വെസ്റ്റ് ബാങ്കില്‍ നടത്തിയ അധിനിവേശങ്ങളെ അംഗീകരിക്കുകയും ജറുസലേമിനെ ഇസ്രഈലിന്റെ മാത്രം തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതിയെ ഫലസ്തീന്‍ തള്ളിക്കളയുകയാണുണ്ടായത്.