ജമ്മു കാശ്മീര്‍: ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് തീവ്രവാദ സംഘടനകളായ ഇസിസും ലഷ്‌കര്‍ ഇ തൊയ്ബയും സഹകരിക്കാന്‍ സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ലക്ഷ്യത്തിലേക്കെത്തുന്നതിനായി ഭീകരര്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും. അതുകൊണ്ട് ഇസിസ് ലഷ്‌കര്‍ ഭീകരരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ലഫ്. ജനറല്‍ ആര്‍.ആര്‍ നിമ്പോര്‍ക്കറെ പറഞ്ഞു.
പാക് അധീന കശ്മീരില്‍ ഇപ്പോഴും പ്രവര്‍ത്തനനിരതരായിരിക്കുന്ന 700ല്‍ അധികം ഭീകരരുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ നിമ്പോര്‍ക്കര്‍ പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കടക്കാന്‍ അവസരം കാത്തിരിക്കുകയാണെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉധംപൂരില്‍ പിടിയിലായ മുഹമ്മദ് നവേദ് യാക്കൂബില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസിസ് ഇന്ത്യയെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇസിസ് ഏറെ ഇടപെടുന്ന സൈബര്‍ ലോകവും രാജ്യം നിരീക്ഷിച്ച് വരികയാണ്.
