19 റണ്‍സ് കൂടി നേടാമായിരുന്നില്ലേ ഇഷാനെ; ചരിത്രത്തില്‍ സഞ്ജു ഒറ്റയ്ക്ക് വാഴും
Cricket
19 റണ്‍സ് കൂടി നേടാമായിരുന്നില്ലേ ഇഷാനെ; ചരിത്രത്തില്‍ സഞ്ജു ഒറ്റയ്ക്ക് വാഴും
സുദേവ് എ
Saturday, 25th July 2026, 7:10 pm

സിംബാബ്‌വേക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച ടോട്ടല്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് അടിച്ചെടുത്തത്.

അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെയും തിലക് വര്‍മയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്.

ടി-20യില്‍ വിദേശ മണ്ണിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ഇഷാന്‍ സിംബാബ്വേക്കെതിരെ നേടിയത്. സ്വന്തം റെക്കോഡ് തന്നെ മറികടന്നാണ് ഇഷാന്റെ കുതിപ്പ്. ഈ വര്‍ഷത്തെ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നേടിയ 77 റണ്‍സാണ് ഇഷാന്‍ മറികടന്നത്.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളത് മലയാളി താരം സഞ്ജു സാംസണാണ്. 2024ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ രണ്ട് സെഞ്ച്വറികള്‍ നേടിയാണ് സഞ്ജു തിളങ്ങിയത്. സൗത്ത് ആഫ്രിക്കയില്‍ നടന്ന പരമ്പരയില്‍ 109*, 107 എന്നീ സ്‌കോറുകളാണ് സഞ്ജു അടിച്ചെടുത്തത്.

ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നെങ്കില്‍ വിദേശ മണ്ണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനും ഇഷാന് സാധിക്കുമായിരുന്നു. 19 റണ്‍സകലെയാണ് താരത്തിന് ഈ ചരിത്ര നേട്ടം നഷ്ടമായത്.

അതേസമയം മത്സരത്തില്‍ ഇഷാന്‍ കിഷന് പുറമെ തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സും സ്വന്തമാക്കി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്.

സിംബാബ്‌വേ ബൗളിങ്ങില്‍ ബ്ലെസിങ് മുസരബാനി, റിച്ചാര്‍ഡ് നഗരവ, ബ്രാഡ് ഇവാന്‍സ്, ബ്രെയാന്‍ ബെന്നറ്റ്, ന്യൂമാന്‍ ന്യാംഹുരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

Content Highlight: Ishan Kishan set a historical record in T20 cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.