ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സീസണില്‍ ഏകദേശം 10 ഓവര്‍ എറിഞ്ഞിട്ടും താരത്തിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ പ്രകടനത്തില്‍ താന്‍ നിരാശനാണെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
‘സി.എസ്.കെയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം നൂര്‍ അഹമ്മദാണ്. ഈ സീസണില്‍ അദ്ദേഹം ഏകദേശം 10 ഓവറുകള്‍ പന്തെറിഞ്ഞു, 100ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് പോലും അദ്ദേഹത്തിന്റെ പക്കലില്ല. റണ്‍-അപ്പിന്റെ ആംഗിള്‍, അലൈന്‍മെന്റ്, ചെരിവുള്ള കൈയും ഇതെല്ലാം അദ്ദേഹം ശരിയാക്കുമെന്ന് ഞാന്‍ കരുതുന്നു.
അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ ഞാന്‍ വളരെ നിരാശനാണ്, കാരണം അദ്ദേഹം ധാരാളം അനുഭവപരിചയമുള്ള താരമാണ്. അദ്ദേഹത്തിന് മികച്ച പ്രകടനങ്ങളും ഇക്കണോമിയും ഉണ്ട്, പക്ഷേ ഈ സീസണില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല,’ ഇര്‍ഫാന്‍ പത്താന്‍ തന്റെയ യൂട്യൂബ് ചാനലില്‍ പറഞ്ഞു.നൂർ അഹമ്മദ്
കഴിഞ്ഞ വര്‍ഷം ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനമാണ് നൂര്‍ കാഴ്ചവെച്ചത്. 14 ഇന്നിങ്സുകളില്‍ നിന്ന് 24 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 4/18 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ടായിരുന്നു. 17.00 എന്ന ആവറേജും 8.16 എന്ന എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. മാത്രമല്ല 2025 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാകാനും നൂറിന് കഴിഞ്ഞിരുന്നു.
എന്നാല്‍ 2026ല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 111 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും എടുക്കാന്‍ സാധിച്ചിട്ടില്ല. 60 പന്തുകള്‍ എറിഞ്ഞ താരത്തിന് 11.10 എന്ന എക്കോണമി റേറ്റാണുള്ളത്. അതേസമയം സീസണിലെ മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനായിരുന്നു ചെന്നൈ തകര്‍ന്നടിഞ്ഞത്.
Content Highlight: Irfan Pathan Criticize Chennai Spinner Noor Ahmed