വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് യു.എസ്. മറൈന്‍സിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 14ന് മറൈന്‍സുകള്‍ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെയാണ് ഇറാന്റെ കപ്പല്‍വിരുദ്ധ ക്രൂയിസ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നടന്നിട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്. പരിക്കേറ്റവരില്‍ ഏഴ് പേര്‍ സൈനികരും ഒരാള്‍ ഉദ്യോഗസ്ഥനുമാണ്.

ആക്രമണത്തില്‍ ഇവര്‍ക്ക് പുക ശ്വസിച്ചതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളും തലച്ചോറിന് പരിക്കേറ്റതിന്റെ സാധ്യതകളും ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടായെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തലവേദന ഉള്‍പ്പെടെയുള്ള മസ്തിഷ്‌കാഘാതത്തിന് സമാനമായ ലക്ഷണങ്ങളും ചിലരില്‍ പ്രകടമായി. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരും ആക്രമണത്തിന് പിന്നാലെ തന്നെ ഡ്യൂട്ടിയില്‍ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറൈന്‍സുകള്‍ ബറ്റാലിയന്‍ ലാന്‍ഡിങ് ടീമിന്റെ ഭാഗമായാണ് കപ്പലിലുണ്ടായിരുന്നത്. എന്നാല്‍ ആക്രമണം നടന്നത് യു.എസ്. നാവികസേനയുടെ കപ്പലിന് നേരെയായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, ഇറാന്‍-യു.എസ്. സംഘര്‍ഷത്തില്‍ ഹോര്‍മുസ് കടലിടുക്ക് നിര്‍ണായക കേന്ദ്രമായി തുടരുകയാണ്.

ആഗോള എണ്ണക്കടത്തിനും വ്യാപാരത്തിനും ഏറെ പ്രധാനപ്പെട്ട ഈ കടലിടുക്കിലെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തിലാണ് പുതിയ ആക്രമണവിവരം പുറത്തുവരുന്നത്. ആക്രമണത്തെക്കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Iranian missile attack in the Strait of Hormuz; 8 US soldiers injured.