ഇന്ത്യന്‍ നാവികരുടെ മരണത്തില്‍ ഇറാന്‍ അപലപിച്ചു, മോദി മൗനത്തില്‍; ഇതുപോലെ ഒരു ദുര്‍ബലനായ പ്രധാനമന്ത്രി മുന്‍പുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ്
India
ഇന്ത്യന്‍ നാവികരുടെ മരണത്തില്‍ ഇറാന്‍ അപലപിച്ചു, മോദി മൗനത്തില്‍; ഇതുപോലെ ഒരു ദുര്‍ബലനായ പ്രധാനമന്ത്രി മുന്‍പുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th June 2026, 2:08 pm

ന്യൂദല്‍ഹി: ഒമാന്‍ തീരത്ത് അമേരിക്കന്‍ നാവികസേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

ആക്രമണത്തെ ഇറാന്‍ രൂക്ഷമായി അപലപിക്കുകയും അമേരിക്കയുടെ കടല്‍ക്കൊള്ളക്കെതിരെ രംഗത്തെത്തുകയും ചെയ്തപ്പോള്‍, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഇന്ത്യന്‍ നാവികരുടെ മരണങ്ങളില്‍ ഇറാന്‍ അപലപിച്ചെന്നും ഇന്ത്യയ്ക്ക് ഇതുപോലെ ഒരു ദുര്‍ബലനായ പ്രധാനമന്ത്രി മുന്‍പുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ തൃപുര ഘടകം പറഞ്ഞു.

ഇറാന്റെ പ്രസിഡന്റിന്റെയും മോദിയുടേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് തൃപുര കോണ്‍ഗ്രസ് നേതൃത്വം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ഈ ആക്രമണങ്ങളെ ‘സായുധ കൊള്ള’ എന്നും കടല്‍ക്കൊള്ള’ എന്നും വിശേഷിപ്പിച്ചാണ് ഇറാന്‍ അപലപിച്ചത്. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായ് കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.

‘ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ നിയമവിരുദ്ധ പെരുമാറ്റത്തിന് അന്താരാഷ്ട്ര സമൂഹം അമേരിക്കയെ ഉത്തരവാദികളാക്കണം’ എന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമാന്‍ തീരത്ത് ഇന്ത്യന്‍ ക്രൂ അംഗങ്ങളുള്ള മൂന്ന് വ്യാപാര കപ്പലുകള്‍ക്ക് നേരെയാണ് യു.എസ് നാവികസേന ആക്രമണം നടത്തിയത്. ജൂണ്‍ 8, 10 തീയതികളില്‍ പലാവു പതാകയുള്ള എണ്ണ ടാങ്കറുകളായ മാരിവെക്‌സ്, സെറ്റെബെല്ലോ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായി.

വ്യാഴാഴ്ച 20 ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ഗിനിയ-ബിസാവു പതാകയുള്ള എംടി ജല്‍വീര്‍ എന്ന ബിറ്റുമെന്‍ ടാങ്കറും ആക്രമിക്കപ്പെട്ടു. എംടി സെറ്റെബെല്ലോയിലെ ജീവനക്കാരായ ആദിത്യ ശര്‍മ്മ, സുരേഷ് പട്നാല, ശിവാനന്ദ് ചൗരസ്യ എന്നിവരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇറാനു നേരെയുള്ള യു.എസ് നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനാലാണ് കപ്പലുകള്‍ ലക്ഷ്യമിട്ടതെന്ന് മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ലോകത്തിലെ അസംസ്‌കൃത എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനെത്തുടര്‍ന്നാണ് വാഷിങ്ടണ്‍ ഈ ഉപരോധം ഏര്‍പ്പെടുത്തിയത്.

ഫെബ്രുവരി 28-ന് നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന് മാര്‍ച്ചില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു. ഏപ്രില്‍ 8-ലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ശത്രുതകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും, നിലവിലെ സംഭവങ്ങള്‍ മേഖലയില്‍ വീണ്ടും വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

Content Highlight: Iran condemns death of Indian sailors, Modi remains silent; Congress