അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ; സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം പ്രഖ്യാപിച്ച് ഇറാൻ
World News
അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ; സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം പ്രഖ്യാപിച്ച് ഇറാൻ
ശ്രീലക്ഷ്മി പി.പി
Monday, 17th August 2026, 2:19 pm

ടെഹ്‌റാൻ: അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച്‌ ഇറാൻ സൈന്യം . സ്ത്രീകളാണ് ഈ കൃത്യം നടത്തുന്നതെങ്കിൽ 60,000 ഡോളർ നൽകുമെന്നും ഇറാൻ സൈനിക മേധാവി അമീർ ഹതാമി അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികളിൽ പങ്കെടുക്കാൻ നിരവധി പേർ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പാരിതോഷിക പദ്ധതി തയ്യാറാക്കിയതെന്ന് ഹതാമി പറഞ്ഞു. എന്നാൽ അമേരിക്കൻ സൈനികരെ എവിടെവെച്ച്‌ എപ്പോഴാണ് ലക്ഷ്യമിടണമെന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരണം നൽകിയില്ല.

അമേരിക്കയും ഇസ്രഈലും ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ യുദ്ധം ആരംഭിച്ചത്. സംഘർഷം തുടരുന്നതിനിടെ പേർഷ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലേക്ക് അമേരിക്കൻ സൈന്യത്തിന് ഇനി പ്രവേശനം അനുവദിക്കില്ലെന്നും ഹതാമി ആവർത്തിച്ചു. മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

യുദ്ധം ആരംഭിച്ചതിന് ശേഷം 17 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവരാരും ഇറാനിൽവെച്ചല്ല കൊല്ലപ്പെട്ടത്. ജോർദാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലാണ് സൈനികരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

യുദ്ധം ആരംഭിച്ച് ഒരു മാസത്തിലേറെ കഴിഞ്ഞപ്പോൾ സംഘർഷത്തിനിടെ തകർന്ന F-15 യുദ്ധവിമാനത്തിലെ വെപ്പൺ സിസ്റ്റംസ് ഓഫീസറെ രക്ഷപ്പെടുത്താൻ അമേരിക്ക വൻ രക്ഷാദൗത്യവും നടത്തിയിരുന്നു. ഏകദേശം 200 അമേരിക്കൻ സൈനികരും 170ലേറെ വിമാനങ്ങളും പങ്കെടുത്ത ദൗത്യത്തിൽ ഇറാൻ സൈന്യം സൈനികനെ കണ്ടെത്തുന്നതിന് മുമ്പ് സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

രക്ഷാദൗത്യത്തിനിടെ ഇറാനിയൻ സൈന്യം A-10 ഗ്രൗണ്ട് അറ്റാക്ക് വിമാനത്തിന് കേടുപാടുകൾ വരുത്തിയതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിമാനം അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഇറക്കേണ്ടിവന്നു. ദൗത്യത്തിനുപയോഗിച്ച C-130 ഗതാഗതവിമാനം ഉൾപ്പെടെയുള്ള ചില വിമാനങ്ങൾ പിന്നീട് അമേരിക്ക ഉപേക്ഷിച്ച് നശിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

തെക്കൻ ഇറാനിലും ഹോർമുസ് കടലിടുക്കിലുമായി ഇരുപക്ഷവും തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ തുടരുകയാണ്. ജൂണിൽ സമാധാന ചർച്ചകൾക്കായി ഒരു ചട്ടക്കൂട് രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് അത് തകർന്നു. സംഘർഷം വ്യാപിക്കുന്നത് തടയാൻ മധ്യസ്ഥരുടെ സഹായത്തോടെ അമേരിക്കയും ഇറാനും പരോക്ഷ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരമായ സമാധാനപരിഹാരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടില്ല.

അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചതോടെ ടെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള വാക്പോരും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Content Highlight:Iran Announces $30,000 Bounty for Killing or Capturing U.S. Soldiers; Double Reward for Women.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.