അവന്‍ സാഹചര്യത്തിനനുസരിച്ചുള്ള വിവേകം കാണിച്ചില്ല; ചെന്നൈ താരത്തെ കുറിച്ച് വസീം ജാഫര്‍
Cricket
അവന്‍ സാഹചര്യത്തിനനുസരിച്ചുള്ള വിവേകം കാണിച്ചില്ല; ചെന്നൈ താരത്തെ കുറിച്ച് വസീം ജാഫര്‍
ഫസീഹ പി.സി.
Monday, 6th April 2026, 7:07 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെട്ടിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ 43 റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി.

ആര്‍.സി.ബി ഉയര്‍ത്തിയ 251 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 207 അവസാനിക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും യെല്ലോ ആര്‍മി തോല്‍വി വഴങ്ങി.

ഈ തോല്‍വിക്ക് പിന്നാലെ ചെന്നൈ യുവതാരം കാര്‍ത്തിക് ശര്‍മയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സി.എസ്.കെയുടെ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടെങ്കിലും തനിക് കൂടുതല്‍ നിരാശ തോന്നിയത് കാര്‍ത്തികിലാണെന്ന് അദ്ദേഹം പറഞ്ഞു.

വസീം ജാഫർ. Photo: CricketGully/x.com

കളിയിലെ സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള വിവേകം കാര്‍ത്തിക് കാണിച്ചില്ലെന്നാണ് തനിക് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

‘അവരുടെ ഓപ്പണര്‍മാര്‍ തീര്‍ത്തും നിരശാജനകമായിരുന്നു. സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും വളരെ അനായാസം വിക്കറ്റ് വലിച്ചെറിഞ്ഞു. സര്‍ഫറാസ് ഖാന്‍ മികച്ച രീതിയില്‍ കളിച്ചെങ്കിലും പുറത്തായി.

എങ്കിലും എന്നെ കൂടുതല്‍ നിരാശപ്പെടുത്തിയത് കാര്‍ത്തിക് ശര്‍മയുടെ ബാറ്റിങ്ങാണ്. കളിയിലെ സാഹചര്യമനുസരിച്ചുള്ള വിവേകം അവന്‍ കാണിച്ചില്ല എന്നാണ് എനിക്ക് തോന്നിയത്. മൊത്തത്തില്‍ സി.എസ്. കെ എല്ലാ കാര്യത്തിലും ഇപ്പോള്‍ പിന്നിലാണ്.

അവരുടെ ബാറ്റിങ്ങും ബൗളിങ്ങും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അവര്‍ ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന് എനിക്ക് അറിയില്ല,’ വസീം ജാഫര്‍ പറഞ്ഞു.

2026 ഐ.പി.എല്ലിന് മുന്നോടിയായി നടന്ന താരലേലത്തിലൂടെയാണ് ചെന്നൈ കാര്‍ത്തിക് ശര്‍മയെ ടീമിലെത്തിച്ചത്. അണ്‍ക്യാപ്പ്ഡായ താരത്തെ സി.എസ്.കെ സ്വന്തമാക്കിയത് 14. 20 കോടി മുടക്കിയാണ്.

കാർത്തിക് ശർമ.

സി.എസ്.കെയുടെ മൂന്ന് മത്സരത്തിലും അവസരം ലഭിച്ച കാര്‍ത്തികിന് വലിയ പ്രകടനങ്ങള്‍ ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ 18 റണ്‍സെടുത്ത താരം ബാക്കി രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. അഞ്ചാമതായി ഇറങ്ങിയ 19കാരന്‍ കഴിഞ്ഞ മത്സരത്തില്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് എടുത്തത്.

 

Content Highlight: IPL 2026: Wasim Jaffer says he is bit disappointed with CSK’s young player Karthik Sharma

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി