ഐ.പി.എല്‍ 2026ലെ തങ്ങളുടെ എട്ടാം മത്സരത്തിന് ഇറങ്ങുകയാണ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് (ഏപ്രില്‍ 29) നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
എന്നാല്‍, രോഹിത്തിന്റെ മടങ്ങി വരവിനെ കുറിച്ച് ഇതുവരെ മുംബൈ മാനേജ്മെന്റ് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. താരം പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തമായിട്ടില്ലെന്നാണ് സൂചനകള്‍. മുംബൈയുടെ മുന്‍ നായകന്‍ ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ടോസ് സമയത്ത് മാത്രമാണ് അന്തിമ തീരുമാനമുണ്ടാകുക എന്നാണ് വിവരം.
രോഹിത് ശർമ. Photo: IndianPremierLeague/x.com
‘രോഹിത്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. എന്നാല്‍, ബുധനാഴ്ച്ചത്തെ മത്സരത്തില്‍ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ ടോസ് സമയത്ത് മാത്രമേ തീരുമാനിക്കൂ,’ ഒരു മുംബൈ ഇന്ത്യന്‍സ് വക്താവ് പി.ടി.ഐയോട് പറഞ്ഞു.
ഏപ്രില്‍ 12ന് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. ബാറ്റ് ചെയ്യുന്നതിനിടെ പേശി വലിവ് നേരിട്ടതിനാല്‍ താരം റിട്ടയേര്‍ഡ് ഹാര്‍ട്ടായി മടങ്ങിയിരുന്നു. പരിക്ക് ഭേദമാവാത്തതിനാല്‍ ഓപ്പണര്‍ക്ക് അവസാന മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
നേരത്തെ, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ നേരിട്ടപ്പോളും രോഹിത്തിന്റെ കാര്യത്തില്‍ ടോസ് സമയത്താണ് അന്തിമ തീരുമാനമുണ്ടാകുക എന്നായിരുന്നു അറിയിച്ചത്. എന്നാല്‍, താരത്തിന് ആ മത്സരവും നഷ്ടമായിരുന്നു. അതിനാല്‍ തന്നെ രോഹിത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേഷന്‍ മുംബൈ ആരാധകര്‍ക്കും ടീമിന് വലിയ ആശങ്കയാണ്.
മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com
രോഹിത്തിന്റെ അഭാവത്തില്‍ മുംബൈ പല ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിച്ചെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രോഹിത് തിരിച്ചെത്താന്‍ വൈകുന്നതും ഓപ്പണറായി കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരീക്ഷിച്ച ഡാനിഷ് മലേവാര്‍ റണ്‍സ് കണ്ടെത്താന്‍ വൈകുന്നതും ടീമിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം, ഈ സീസണില്‍ മുംബൈ ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ടീം ചെന്നൈയോട് വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. നിലവില്‍ മുന്‍ ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. അതിനാല്‍ തന്നെ തുടര്‍ന്നുള്ള മത്സരങ്ങള്‍ ടീമിന് ഏറെ നിര്‍ണായകമാണ്.
Content Highlight: IPL 2026: Rohit Sharma’s return status from injury remains unclear