100 ശതമാനം വിജയം; രോഹിത് വാഴുന്ന ലിസ്റ്റില്‍ കമ്മിന്‍സിന്റെ കുതിപ്പ്
Cricket
100 ശതമാനം വിജയം; രോഹിത് വാഴുന്ന ലിസ്റ്റില്‍ കമ്മിന്‍സിന്റെ കുതിപ്പ്
ഫസീഹ പി.സി.
Saturday, 23rd May 2026, 8:59 am

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തരിപ്പണമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ 2026 സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 55 റണ്‍സിനാണ് ടീമിന്റെ വിജയം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്റെ കരുത്തിലാണ് ടീം ഒമ്പതാം വിജയം നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 256 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ആര്‍.സി.ബിക്ക് നിശ്ചിത ഓവറില്‍ 200 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

പാറ്റ് കമ്മിന്‍സ്. Photo: IndianPremierLeague/x.com

വിജയത്തോടെ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. 200+ റണ്‍സ് ടോട്ടല്‍ ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും പരാജയപ്പെടാത്ത ക്യാപ്റ്റന്മാരുടെ ലിസ്റ്റില്‍ രണ്ടാമതെത്താനാണ് ഓസീസ് ക്യാപ്റ്റന് സാധിച്ചത്. തന്റെ ടീം 200 റണ്‍സിന് മുകളില്‍ ഉയര്‍ത്തിയ ഒമ്പത് മത്സരങ്ങളിലും വിജയിച്ചാണ് താരത്തിന്റെ ഈ നേട്ടം.

കമ്മിന്‍സ് ഈ തേരോട്ടത്തില്‍ മറ്റൊരു ഓസീസ് താരമായ ഡേവിഡ് വാര്‍ണറിനെ മറികടന്നാണ് മുന്നിലെത്തിയത്. വാര്‍ണര്‍ എട്ട് മത്സരങ്ങളിലാണ് വിജയം സ്വന്തമാക്കിയത്.

ഈ ലിസ്റ്റില്‍ ഒന്നാമത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയാണ്. 200 റണ്‍സ് വിജയലക്ഷ്യമായി ഉയര്‍ത്തിയ പത്ത് മത്സരങ്ങളിലും വിജയിച്ചാണ് ഹിറ്റ്മാന്‍ ഈ എലീറ്റ് ലിസ്റ്റിന്റെ തലപ്പത്തിരിക്കുന്നത്.

രോഹിത് ശർമ. Photo: Mumbai Indians/x.com

ഇവര്‍ക്ക് പുറമെ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഷെയ്ന്‍ വോണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, നിതീഷ് റാണ എന്നിവരും ഈ ലിസ്റ്റിലുണ്ട്.

200+ റണ്‍സ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഒരിക്കലും തോല്‍ക്കാത്ത ക്യാപ്റ്റന്മാര്‍

(താരം – 200+ റണ്‍സ് ഉയര്‍ത്തിയ മത്സരങ്ങള്‍ – വിജയം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 10 – 10

പാറ്റ് കമ്മിന്‍സ് – 9 – 9

ഡേവിഡ് വാര്‍ണര്‍ – 8 – 8

സ്റ്റീവ് സ്മിത്ത് – 3 – 3

ഷെയ്ന്‍ വോണ്‍ – 2 – 2

വിരേന്ദര്‍ സേവാഗ് – 2 – 2

നിതീഷ് റാണ – 2 – 2

സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ. Photo: iplt20.com

മത്സരത്തില്‍ ആര്‍.സി.ബിക്കെതിരെ വിജയിച്ചതോടെ ഹൈദരാബാദിന്റെ പോയിന്റ് 18 ആയി. എന്നാല്‍, നെറ്റ് റണ്‍ റേറ്റ് കുറവായതിനാല്‍ ടീം പോയിന്റ് ടേബിളില്‍ മൂന്നാമതാണ്. ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

Content Highlight: IPL 2026: Pat Cummins rise to second in the list of captains to never lost while defending 200 Targets

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി