ധോണിയ്ക്ക് ഇനിയും കുറച്ച് മത്സരങ്ങള്‍ കൂടി നഷ്ടമായേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇതുവരെ പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടില്ലെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം റീഹാബിലിറ്റേഷന്‍ തുടരുകയാണെന്ന് സി.എസ്.കെ സി.ഇ.ഒ കാശി വിശ്വനാഥ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
എം.എസ് ധോണി.
‘എം.എസ്. ധോണി ഇപ്പോള്‍ റീഹാബിലിയേഷന്‍ തുടരുകയാണ്. അതിന് കുറച്ച് കൂടി സമയം വേണം. എന്നാല്‍, എത്ര സമയം വേണ്ടിവരുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. അടുത്ത മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
എന്നാല്‍, അത് ധോണിയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെ ആശ്രയിച്ചിരിക്കും. അടുത്ത മത്സരത്തിന് മുമ്പ് കുറച്ച് ദിവസം കൂടി സമയമുണ്ടല്ലോ,’ കാശി വിശ്വനാഥ് പറഞ്ഞു.
സി.എസ്.കെ സി.ഇ.ഒ പ്രതീക്ഷ പങ്കുവെക്കുന്നുണ്ടെങ്കിലും ധോണി പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഒരാഴ്ച്ചയോ അതില്‍ അധികമോ സമയമെടുക്കുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാകാന്‍ സാധ്യതകള്‍ ഏറെയാന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ, ദല്‍ഹിക്കെതിരെ ധോണി തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് ടീമിന് വലിയ തിരിച്ചടിയാണ്.
ചെന്നൈ സൂപ്പർ കിങ്‌സ്. Photo: IndianPremierLeague/x.com
ഏപ്രില്‍ 11നാണ് ദല്‍ഹിക്കെതിരെയുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷം ഏപ്രില്‍ നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ടീം നേരിടുന്നുണ്ട്. അതിലും ധോണി കളിച്ചേക്കില്ലെന്ന് തന്നെയാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഐ.പി.എല്ലില്‍ ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒരു ജയം പോലും നേടാനായിട്ടില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും യെല്ലോ ആര്‍മി തോല്‍വി വഴങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരാണ് ടീമിനെ മുട്ടുകുത്തിച്ചത്. പോയിന്റ് ടേബിളില്‍ ചെന്നൈ നിലവില്‍ അവസാന സ്ഥാനക്കാരാണ്.
Content Highlight: IPL 2026: MS Dhoni is doubtful CSK’s clash against Delhi Capitals: Report