പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ദല്‍ഹി ക്യാപിറ്റല്‍സ് ലുങ്കി എന്‍ഗിഡിയുടെ ആരോഗ്യസ്ഥിതിയില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. താരത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ് എന്നാണ് വിവരം. പേസര്‍ ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ഔദ്യോഗികമായി അറിയിച്ചു.
മത്സരത്തില്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍ഗിഡിയ്ക്ക് പരിക്കേറ്റത്. ദല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു സംഭവം. അക്‌സറിന്റെ പന്തില്‍ ക്രീസിലുണ്ടായിരുന്ന പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ വലിയ ഷോട്ടിന് ശ്രമിച്ചു.
Ngidi is stable and is due to be discharged shortly from the hospital. https://t.co/fWScEMU4Oy
അത് പിഴച്ചതോടെ മിഡ് ഓഫില്‍ നിന്ന് എന്‍ഗിഡി പിന്നോട്ടാഞ്ഞ് ക്യാച്ച് എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കാതെ നിയന്ത്രം നഷ്ടപ്പെട്ട് പിന്നോട് മറിഞ്ഞു വീണു. അതോടെ തല ശക്തിയായി ഗ്രൗണ്ടില്‍ ഇടിച്ചു. വേദനയുമായി ഗ്രൗണ്ടില്‍ പുളഞ്ഞ താരത്തെ ഉടനെ തന്നെ ടീം മെഡിക്കല്‍ ടീമെത്തി പരിശോധിച്ചു.
എന്‍ഗിഡിയെ ഗ്രൗണ്ടില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുപോയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. താരത്തിന്റെ നില തൃപ്തികരമാണെന്ന വാര്‍ത്ത വലിയ ആശ്വാസമാണ് ദല്‍ഹി ടീമിനും ക്രിക്കറ്റ് ആരാധകര്‍ക്കും നല്‍കുന്നത്.