ചെന്നൈയെ പഞ്ചറാക്കിയ ഇന്നിങ്സ്; വെടിക്കെട്ട് ലിസ്റ്റിലേക്ക് അടിച്ച് കയറി വൈഭവ്!
Cricket
ചെന്നൈയെ പഞ്ചറാക്കിയ ഇന്നിങ്സ്; വെടിക്കെട്ട് ലിസ്റ്റിലേക്ക് അടിച്ച് കയറി വൈഭവ്!
ഫസീഹ പി.സി.
Tuesday, 31st March 2026, 7:18 am

2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് അനായാസം മറികടക്കുകയായിരുന്നു. 47 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആര്‍.ആര്‍ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 17 പന്തില്‍ 52 റണ്‍സായിരുന്നു താരത്തിനെ സമ്പാദ്യം. അഞ്ച് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 305.88 സ്‌ട്രൈക്ക് നാട്ടിലായിരുന്നു താരത്തിന്റെ താണ്ഡവം.

വൈഭവ് സൂര്യവംശി. Photo: IndianPremierLeague/x.com

നേരിട്ട 15ാം പന്തില്‍ സിക്സര്‍ പറത്തിയാണ് വൈഭവ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാകാനാണ് വൈഭവിന് സാധിച്ചത്. അഞ്ച് താരങ്ങള്‍ക്കൊപ്പമാണ് വൈഭവ് ഈ നേട്ടം പങ്കിടുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരങ്ങള്‍

(പന്ത് – താരം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

13 – യശസ്വി ജെയ്സ്വാള്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2023

14 – കെ.എല്‍ രാഹുല്‍ – ഡല്‍ഹി ക്യാപിറ്റല്‍സ് – 2018

14 – പാറ്റ് കമ്മിന്‍സ് – മുംബൈ ഇന്ത്യന്‍സ് – 2022

14 – റൊമാരിയോ ഷെപ്പേര്‍ഡ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2025

15 – വൈഭവ് സൂര്യവംശി – ചെന്നൈ സൂപ്പര്‍ കിങ്സ് – 2026

15 – യൂസഫ് പത്താന്‍ – സണ്‍റൈസേഴ്സ് ഹൈദരബാദ് – 2014

15 – സുനില്‍ നരെയ്ന്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2017

15 – നിക്കോളാസ് പൂരന്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2023

15 – ഫ്രേസര്‍ മക്ഗുര്‍ക്ക് – സണ്‍റൈസേഴ്സ് ഹൈദരബാദ് – 2024

15 – ഫ്രേസര്‍ മക്ഗുര്‍ക്ക് – മുംബൈ ഇന്ത്യന്‍സ് – 2024

താരത്തിന് പുറമെ യശസ്വി ജെയ്സ്വാള്‍ 36 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടി. ധ്രുവ് ജുറെല്‍ ഒമ്പത് പന്തില്‍ 18 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14 റണ്‍സ് നേടി പുറത്താവാതെ നിന്നു.

ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

ബാറ്റിങ് തകര്‍ച്ച നേരിട്ട ചെന്നൈ നിരയില്‍ തിളങ്ങിയത് എട്ടാമനായി ഇറങ്ങിയ ബൗളര്‍ ജെയ്മി ഓവര്‍ട്ടണാണ്. 36 പന്തില്‍ 43 റണ്‍സാണ് താരം സ്വന്തമാക്കിയത്. 15 പന്തില്‍ 18 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മയും 12 പന്തില്‍ 17 റണ്‍സുമായി സര്‍ഫറാസ് ഖാനും മാത്രമാണ് രണ്ടക്കം കടന്നത്.

രാജസ്ഥാനായി ജഡേജയും ജോഫ്രാ ആര്‍ച്ചറും, നാന്ദ്രേ ബര്‍ഗറും എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും തങ്ങളുടെ പേരിലാക്കി.

 

Content Highlight: IPL 2026: CSK vs RR: Vaibhav Suryavanshi registers fourth fastest fifty in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി