ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഫാഫും സംഘവും വിജയിച്ചുകയറിയത്.

പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ആര്‍.സി.ബി നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ മറികടക്കുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കിടിലന്‍ ഫിനിഷിങ്ങില്‍ ആര്‍.സി.ബി വിജയിക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.

ടീമിന്റെ ടോപ് ഓര്‍ഡര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ തോല്‍വി മുമ്പില്‍ കണ്ട ശേഷമാണ് ആര്‍.സി.ബി വിജയിച്ചുകയറിയത്. അതിന് കാരണമായതാകട്ടെ ടീമിന്റെ ലോവര്‍ മിഡില്‍ ഓര്‍ഡറും.

വിരാട് കോഹ്‌ലി ഒഴികെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം മത്സരത്തില്‍ ഒന്നുപോലെ നിരാശപ്പെടുത്തി. കെ.ജി.എഫ് സഖ്യത്തിലെ ജിയും എഫും ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടപ്പോള്‍ കാമറൂണ്‍ ഗ്രീനും നിരാശപ്പെടുത്തി.

16ാം ഓവറിലെ അവസാന പന്തിലാണ് വിരാട് കോഹ്‌ലി പുറത്താകുന്നത്. ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെയാണ് ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി വിരാട് പുറത്തായത്. വിരാടിന് പകരക്കാരനായി ദിനേഷ് കാര്‍ത്തിക് കളത്തിലെത്തി.

നേരത്തെ ക്രീസിലുണ്ടായിരുന്ന അനുജ് റാവത്തും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് ആരാധകര്‍ കരുതി. കഴിഞ്ഞ മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ റാവത്തും കാര്‍ത്തിക്കും ചേര്‍ന്നാണ് റോയല്‍ ചലഞ്ചേഴ്‌സിന് തുണയായത്.

എന്നാല്‍ രണ്ട് പന്തുകള്‍ക്കിപ്പുറം ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 130ല്‍ ആറാം വിക്കറ്റായി റാവത്തും പുറത്തായി.

എട്ടാം നമ്പറില്‍ ഇംപാക്ട് പ്ലെയറായി മഹിപാല്‍ ലോംറോല്‍ ഇറങ്ങുമ്പോള്‍ ഒറ്റ പന്ത് പോലും നേരിടാത്ത ദിനേഷ് കാര്‍ത്തിക്കാണ് ക്രീസിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ 22 പന്തില്‍ 46 റണ്‍സായിരുന്നു ആര്‍.സി.ബിക്ക് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്.

ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ലോംറോര്‍ വരവറിയിച്ചു. തൊട്ടുത്ത പന്തില്‍ സിംഗിള്‍ നേടി ദിനേഷ് കാര്‍ത്തിക്കിന് സ്‌ട്രൈക്ക് കൈമാറി. അഞ്ചാം പന്തില്‍ കാര്‍ത്തിക് ബൗണ്ടറിയും അസാന പന്തില്‍ രണ്ട് റണ്‍സും ഓടിയെടുത്തപ്പോള്‍ വിജയലക്ഷ്യം 18 പന്തില്‍ 35 ആയി മാറി.

പരിചയസമ്പന്നനായ അര്‍ഷ്ദീപ് സിങ് എറിഞ്ഞ 17ാം ഓവറില്‍ സിക്‌സറും ബൗണ്ടറിയുമായി ലോംറോര്‍ ചിന്നസ്വാമിയെ ആവേശത്തിലാഴ്ത്തി. 13 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ആര്‍.സി.ബി വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്ന നിമിഷമായിരുന്നു അത്.

അടുത്ത എട്ട് പന്തില്‍ നിന്നും ആര്‍.സി.ബി വിജയിച്ചുകയറുകയായിരുന്നു.

ദിനേഷ് കാര്‍ത്തിക് പത്ത് പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമായി 28 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമായി പുറത്താകാതെ 17 റണ്‍സാണ് ലോംറോര്‍ നേടിയത്.

ഒരുപക്ഷേ അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കിന് പിന്തുണ നല്‍കാന്‍ ലോംറോറിന് സാധിക്കാതെ വന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ മത്സരത്തില്‍ ഹോം ടീം പരാജയപ്പെടുമായിരുന്നു. വിരാടിന്റെ അര്‍ധ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങിലും മുങ്ങിപ്പോയ അസാമാന്യ കാമിയോ ഇന്നിങിസായിരുന്നു ലോംറോറിന്റേത്.

വിജയത്തിന്റെ ക്രെഡിറ്റ് വിരാടിനും ഡി.കെക്കും നല്‍കുന്ന തിരക്കില്‍ പല ആരാധകരാല്‍ പോസലും അവഗണിക്കപ്പെട്ട പ്രകടനമായിരുന്നു അത്. വരും മത്സരങ്ങളില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ആ പ്രകടനത്താല്‍ ആരാധക മനസില്‍ തന്റെ സ്ഥാനം നേടിയെടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

 

Content highlight: IPL 2024: RCB vs PBKS: Mahipal Lomror’s brilliant innings against Punjab Kings