പൊലീസ് സ്റ്റേഷനുകളുടെ അകവും പുറവും മാറും; 'മൈ പൊലീസ് സ്റ്റേഷന്‍' പദ്ധതിയെ കുറിച്ച് രമേശ് ചെന്നിത്തല
Kerala
പൊലീസ് സ്റ്റേഷനുകളുടെ അകവും പുറവും മാറും; 'മൈ പൊലീസ് സ്റ്റേഷന്‍' പദ്ധതിയെ കുറിച്ച് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th August 2026, 12:55 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂര്‍ണ്ണമായും പൊതുജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘മൈ പോലീസ് സ്റ്റേഷന്‍’ പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പൊലീസ് സ്റ്റേഷനുകളില്‍ ചെല്ലാന്‍ ജനങ്ങള്‍ക്കുള്ള ഭയവും ആശങ്കയും ഒഴിവാക്കി, ആത്മവിശ്വാസത്തോടെ പരാതിക്കാര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന അന്തരീക്ഷമൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലുള്ള പൊലീസിംഗ് രീതികളാണ് കേരളത്തിന് ആവശ്യമെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ‘മൈ പോലീസ് സ്റ്റേഷന്‍’ പദ്ധതി എന്നും അദ്ദേഹം വ്യക്തമാക്കി.

അപരിഷ്‌കൃതവും നിയമവിരുദ്ധവുമായ നടപടികള്‍ ഇല്ലാതാക്കി, ആധുനിക ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്ന ഉത്തമ മാതൃകകളായി പൊലീസ് സ്റ്റേഷനുകളെ മാറ്റും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും ഒരേ നിറം നല്‍കും. സ്റ്റേഷന്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഘട്ടംഘട്ടമായി മെച്ചപ്പെടുത്തും.

മൈ പൊലീസ് സ്റ്റേഷന്റെ ഭാഗമായി ഉദ്യോഗസ്ഥ തലത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാരില്‍ നിന്ന് എസ്.ഐമാര്‍ക്ക് കൈമാറും. സി.ഐമാര്‍ക്ക് മേല്‍നോട്ട ചുമതലയായിരിക്കും നല്‍കുക. അതുപോലെ സംസ്ഥാനത്തെ 63 പൊലീസ് സ്റ്റേഷനുകളില്‍ വനിതാ എസ്.എച്ച്.ഒമാരെ നിയമിക്കും.

ഡി.ഐ.ജി മുതല്‍ മുകളിലോട്ടുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടവേളകളില്‍ പൊലീസ് സ്റ്റേഷനുകള്‍ നേരിട്ട് സന്ദര്‍ശിച്ച് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍മാറ്റങ്ങള്‍ വരുത്തും.

പരാതി ഹെല്‍പ്പ് ഡെസ്‌ക്, വനിതാ ഹെല്‍പ്പ് ഡെസ്‌ക്, കുട്ടികളുടെ ഹെല്‍പ്പ് ഡെസ്‌ക്, സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്, ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്, ഭിന്നശേഷിക്കാര്‍ക്കായുള്ള ഹെല്‍പ്പ് ഡെസ്‌ക്, സൈബര്‍ ക്രൈം ഹെല്‍പ്പ് ഡെസ്‌ക്, നിയമസഹായ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി പൊതുജനങ്ങള്‍ക്ക് സഹായകരമാകും വിധം പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളുടെ സേവനം ഉറപ്പാക്കും.