ഒരു തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ യാത്രയാണ് നടത്തിയത്. ‘ആളൊരുക്കം’, ‘ഹോം’, ‘വെയിൽമരങ്ങൾ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സിനിമാ മോഹവുമായി എത്തുന്ന പുതിയ തലമുറയോടും സിനിമയെ മാത്രം വിശ്വസിച്ച് ജീവിതം കളയാതെ, മറ്റൊരു ഉപജീവനമാർഗ്ഗം കൂടി കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ . B4 ബ്ലേയ്‌സ് മലയാളം എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുടുംബത്തിൽ നിന്നും നമ്മൾ പുറത്തായിപ്പോകരുത്, എന്തെങ്കിലും ഒരു ഉപജീവനമാർഗം വേറെ കണ്ടുവെച്ചിട്ട് വേണം നമ്മൾ സിനിമയിലേക്ക് ഇറങ്ങാൻ. ഇല്ലെങ്കിൽ വീട്ടുകാർക്കും ബുദ്ധിമുട്ടാണ്, അവർക്കും ഇത് ഉൾക്കൊള്ളാൻ പറ്റില്ല. കുറച്ചു കഴിഞ്ഞാൽ അവർക്കും വെറുപ്പ് തോന്നും, പിന്നെ നമുക്കും മടുത്തു തുടങ്ങും. ഒടുവിൽ സിനിമയെ ശപിച്ചുകൊണ്ട് നടക്കേണ്ടി വരും. സിനിമയിൽ ഒരു അവസരം കിട്ടുമെന്ന വിശ്വാസത്തോടെ ഉള്ളിലെ ആ ആഗ്രഹം നിലനിർത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, നമ്മുടെ അന്നത്തിനുള്ള മാർഗ്ഗം കൂടി കണ്ടെത്തുക.
കാരണം പണ്ടത്തെപ്പോലെയല്ല, പണ്ട് മദ്രാസിലൊക്കെ പോയി കിടന്ന്, കുടുംബമൊക്കെ മറന്ന് ഒടുവിൽ ജീവിതം നശിച്ചുപോയവർ ഒരുപാടുണ്ട്. അങ്ങനെയുള്ളവരെ പുറത്തുനിന്ന് നോക്കുന്നവർക്ക് ‘സിനിമ കൊണ്ട് എങ്ങനെ ജീവിക്കും’ എന്നൊക്കെ തോന്നാം. കാരണം അവർക്ക് കിട്ടിയ അനുഭവം നേരെ തിരിച്ചാണ്.
ഞാൻ സിനിമയിലേക്ക് വരുന്ന തുടക്കകാലത്ത് ഒരു പോയിന്റിൽ പോലും എനിക്ക് സിനിമ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. കാരണം, ഞാൻ രാത്രി ഒരു നാടകത്തിന് പോയാലും പകലിരുന്ന് നിത്യചെലവിനുള്ള എന്റെ ജോലി വീട്ടിലിരുന്ന് ചെയ്യുമായിരുന്നു. ഇനി പകലാണ് സിനിമയോ മറ്റോ ഉള്ളതെങ്കിൽ, രാത്രിയിരുന്ന് എന്റെ ജോലി ചെയ്യും. അങ്ങനെ എന്നെ ആശ്രയിക്കുന്ന എന്റെ കുടുംബത്തെ നല്ല രീതിയിൽ ഒരു നിലയ്ക്ക് എത്തിച്ചിട്ടാണ് ഞാൻ മറ്റുള്ള കാര്യങ്ങളിലേക്ക് ഒക്കെ പോയിട്ടുള്ളത്.
എന്റെ കൂട്ടുകാരോടും ഞാൻ ഇത് പറയാറുണ്ട്. പക്ഷേ അത് അനുസരിക്കാതെ നശിച്ചു പോയവരുമുണ്ട്, ചിലപ്പോൾ അതിജീവിച്ചു വന്നവരുമുണ്ട്. ഇന്നത്തെക്കാലത്ത് സിനിമ നമ്മുടെയൊക്കെ ദൂരത്തല്ല എന്ന് പറയാം. സിനിമയിൽ അഭിനയത്തിന് പുറമെ തന്നെ ജോലി എടുക്കാൻ പറ്റുന്ന ഒട്ടനവധി മേഖലകൾ ഇന്നത്തെ സിനിമയിലുണ്ട്.
അപ്പോൾ നമ്മുടെ ജീവിതം നമ്മൾ നോക്കിയില്ലെങ്കിൽ നമ്മൾ ആകെ തകർന്നുപോകും. സിനിമ ഒരു കലയാണ്, പിന്നീട് അതിനെ കുറ്റം പറഞ്ഞിട്ടോ വെറുത്തിട്ടോ കാര്യമില്ല. ചിലപ്പോൾ ഈ കല ഒരു ഉപജീവനമാർഗ്ഗവും ആയേക്കാം, പക്ഷേ തുടക്കത്തിലേ അങ്ങനെ ഒന്നും കരുതി ഇറങ്ങിപ്പുറപ്പെടാൻ പാടില്ല,’ ഇന്ദ്രൻസ് പറഞ്ഞു.