ഏഷ്യന്‍ ശക്തികള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പിന് കളമൊരുങ്ങുകയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളിലൊന്നായ ഏഷ്യാ കപ്പ് ടി-20 ലോകകപ്പിന് മുന്നോടിയായിട്ടുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ആരാധകര്‍ നോക്കിക്കാണുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ തന്നെ ഉദ്ദേശിച്ചാവും കളത്തിലിറങ്ങുക. ടി-20 ലോകകപ്പ് മുന്നിലുള്ളതുകൊണ്ടുതന്നെ ടി-20 ഫോര്‍മാറ്റിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത് ഏതൊരു സൂപ്പര്‍ ടീമിനേയും മലര്‍ത്തിയടിക്കാന്‍ പോന്നതാണ്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും ഇന്ത്യന്‍ ടീം ഡബിള്‍ സ്‌ട്രോങ്ങാണ്.

മൂളിപ്പറക്കുന്ന യോര്‍ക്കറുകളെറിയുന്ന ഇടം കൈ – വലം കൈ പേസര്‍മാരും ബാറ്റര്‍മാരെ പരീക്ഷിക്കുന്ന കുത്തിത്തിരിപ്പന്‍ സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ബൗളിങ്ങിന്റെ കരുത്ത്.
എന്നാലിപ്പോള്‍ ബൗളിങ് നിരയിലേക്ക് ഒരാള്‍ കൂടി മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയാണ് ഇന്ത്യന്‍ ടീമിനെ ആവേശത്തിലാഴ്ത്തുന്നത്. ഏഷ്യാ കപ്പിന് മുമ്പ് തന്നെ ഇന്ത്യന്‍ നിര വീണ്ടും ശക്തമാവുന്നു എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന തരത്തിലാണ് താരത്തിന്റെ മടങ്ങി വരവ്.
പേസര്‍ ദീപക് ചഹറാണ് പരിക്കില്‍ നിന്നും മുക്തനായി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കെത്തിയിരിക്കുന്നത്. പരിക്ക് കാരണം ഐ.പി.എല്ലില്‍ നിന്നടക്കം പുറത്തായ ചഹറിന് അഞ്ച് മാസത്തോളം ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോള്‍ പരിക്ക് മാറിയെത്തിയ താരം പണ്ടത്തെക്കാള്‍ അക്രമകാരിയായിരിക്കുകയാണ്.


താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി പന്തെറിഞ്ഞു, ഏറെ സന്തോഷം എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് പോസ്റ്റിന് പിന്നാലെ ലൈക്കും കമന്റുമായെത്തുന്നത്.
