ന്യൂദല്‍ഹി: ദേശീയ ലോക്ഡൗണോ പ്രാദേശിക തലത്തിലുള്ള ലോക്ഡൗണോ തുടരുകയാണെങ്കില്‍ ഇന്ത്യയുടെ സ്ഥൂല സമ്പദ് വ്യവസ്ഥ തരിപ്പണമാകുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഴോണ്‍ ദ്രേസ്. രാജ്യവ്യാപകമായി അടച്ചിട്ടതിന്റെ ഭാഗമായി പലയിടങ്ങളിലും അസ്വസ്ഥതകള്‍ ആരംഭിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. രാജ്യം 21 ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

‘ദേശീയ, പ്രാദേശീക ലോക്ഡൗണ്‍ തുടരുകയാണെങ്കില്‍ സാമ്പത്തിക രംഗം വഷളാകുമെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ത്തന്നെ, ആഗോള തലത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും’, ദ്രേസ് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബെല്‍ജിയന്‍ വംശജനായ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.

കൊറോണ വൈറസ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും തൊഴില്‍ സാധ്യതകളെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന് വിശദീകരിച്ച ദ്രേസ് നിരവധി മേഖലകളെ പ്രതികൂലമായി ബാധിക്കുമെങ്കിലും കൊവിഡ് ഇന്ത്യയുടെ ആരോഗ്യ രംഗത്തെ സംബന്ധിച്ചിടത്തോളം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെ സജ്ജമാകണം എന്നതിനെക്കുറിച്ച് ആരോഗ്യ മേഖല കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളും ഒരുപോലെ മുന്നിട്ട് നിന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഏതെങ്കിലുമൊന്നിന് മാത്രം മികച്ചതാവാന്‍ കഴിയില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി തുടരുകയാണെങ്കിലും അത് തന്നെ സംഭവിക്കും. അത് സാമ്പത്തിക മേഖലയുടെ എല്ലാ ഭാഗങ്ങളെയും പിടിച്ച് കുലുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെവലപ്‌മെന്റ് സാമ്പത്തിക വിദഗ്ധനായ ഴോണ്‍ ദ്രേസ് ദേശീയ ഉപദേശക സമിതിയില്‍ അംഗവുമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ