ലോകകപ്പ് തുടങ്ങും മുമ്പേ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ്; വമ്പന്‍ അഡ്വാന്റേജുമായി ആതിഥേയര്‍
T20 world cup
ലോകകപ്പ് തുടങ്ങും മുമ്പേ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ്; വമ്പന്‍ അഡ്വാന്റേജുമായി ആതിഥേയര്‍
ആദര്‍ശ് എം.കെ.
Monday, 2nd February 2026, 10:50 am

ടി-20 ലോകകപ്പ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ ടൂര്‍ണമെന്റില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യ. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ മത്സരം ബഹിഷ്‌കരിച്ചതോടെ നേരിട്ട് രണ്ട് പോയിന്റ് ഇന്ത്യയുടെ അക്കൗണ്ടിലെത്തും.

ഈ വാക്കോവര്‍ പാകിസ്ഥാന് വലിയ തിരിച്ചടിയും സമ്മാനിക്കും. പോയിന്റ് നഷ്ടപ്പെടുന്നത് മാത്രമല്ല ടീമിന്റെ നെറ്റ് റണ്‍ റേറ്റിനെയും സാരമായി ബാധിക്കും. 20 ഓവറും ബാറ്റ് ചെയ്ത് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല എന്നാണ് ടെക്‌നിക്കലി വാക്കോവര്‍ പരിഗണിക്കപ്പെടുക. ഇത് നെറ്റ് റണ്‍ റേറ്റിലും സാരമായി ബാധിക്കും.

 

രണ്ട് ടീമുകള്‍ക്ക് ഒരേ പോയിന്റ് വരുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടത്തിലേക്ക് ഏത് ടീം പ്രവേശിക്കും എന്ന് നിര്‍ണയിക്കുന്നതിലടക്കം നെറ്റ് റണ്‍ റേറ്റിന് വലിയ പങ്കാണുള്ളത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഭാഗ്യപരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

പാകിസ്ഥാന്റെ പിന്മാറ്റത്തോടെ ഗ്രൂപ്പ് എ-യില്‍ ഹെഡ് സ്റ്റാര്‍ട്ടും വമ്പന്‍ അഡ്വാന്റേജുമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം പാകിസ്ഥാനാകട്ടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും നിര്‍ണായകമാവുകയും ചെയ്തു.

ലോകകപ്പില്‍ നിന്നും ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധ സൂചകമായാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറിയത്. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാക് മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.

പാകിസ്ഥാന്റെ ഈ പിന്മാറ്റം ചെറിയ തോതിലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും തിരിച്ചടിയാകും. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റവന്യൂ ജെനറേറ്റ് ചെയ്യുന്ന മത്സരമാണ് ഇത് എന്നതുതന്നെയാണ് കാരണവും.

‘2026 ഐ.സി.സി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ടീമിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഫെബ്രുവരി 15ന് ഇന്ത്യയുമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തില്‍ ടീം കളത്തിലിറങ്ങില്ല,’ എന്നാണ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തെ സംബന്ധിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

നേരത്തെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് ബംഗ്ലാദേശിനെ ഐ.സി.സി ഒഴിവാക്കിയതും പകരം സ്‌കോട്‌ലാന്‍ഡിന് ലോകകപ്പില്‍ അവസരം നല്‍കിയും.

ഐ.പി.എല്ലില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ പുറത്താക്കിയതിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഐ.സി.സിയോട് തങ്ങളുടെ മത്സരങ്ങളുടെ വേദി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റാന്‍ സാധിക്കില്ലെന്ന് ഐ.സി.സി നിലപാടെടുത്തു. വിഷയത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും തങ്ങളുടെ നിലപാട് തുടര്‍ന്നതോടെയാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്.

ഇതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഐ.സി.സി കടുത്ത നടപടി എടുക്കുമെന്ന് വ്യക്തമായതോടെ പി.സി.ബി ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Content highlight: India will get two points after Pakistan withdraws from T20 World Cup match against India

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.